sukumaran-nair

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി എൻ.എസ്.എസ് രംഗത്ത്. ഈ വിഷയത്തിൽ നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് തെറ്റിദ്ധാരണയുടെ പേരിലെടുത്ത നിലപാട് തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാനിറങ്ങിയ നീക്കം വിശ്വാസികൾക്കെതിരാണ്. ഇതിനെ ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കുന്നില്ല. ഇക്കാര്യം നേരത്തെ തന്നെ കോടിയേരിയെ അറിയിച്ചിരുന്നു. അതിന് തയ്യാറാകാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എൻ.എസ്.എസും നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. കോടിയേോരിയുടെ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാമെന്ന് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണെന്നും സുകുമാരൻ നായർ പറഞ്ഞു.

മന്നത്ത് പദ്മനാഭന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചുനിന്ന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചരിത്രമാണ് എൻ.എസ്.എസിനുള്ളത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനെ വിശ്വാസ സംരക്ഷണവുമായി കൂട്ടിക്കലർത്തേണ്ട. വിശ്വാസികൾക്ക് അനുകൂലമായി എൻ.എസ്.എസ് എടുത്തിട്ടുള്ള നിലപാടിൽ മാറ്റിമില്ല. ഇതിന് പിന്നിൽ എൻ.എസ്.എസിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.