health

ശരീരത്തിന്റെ കായിക പ്രവർത്തനങ്ങൾക്ക് ഒരു താത്കാലികമായ വിശ്രമാവസ്ഥയാണ് ഉറക്കം എന്ന് വിശേഷിപ്പിക്കാം. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും പ്രവർത്തനങ്ങളെയാണ് ഉറക്കം നിയന്ത്രിക്കുന്നത്. ഓരോരുത്തരുടെയും പ്രായം, ശാരീരികാവസ്ഥ, ജോലി എന്നിവയെ ആശ്രയിച്ച് ഉറക്കം വ്യത്യാസപ്പെടാം.

ഉറക്കം എത്ര നേരം
* കുഞ്ഞുകുട്ടികൾക്ക് 16 മണിക്കൂർ ഉറക്കം വേണം.
* പ്രായപൂർത്തിയായവർക്ക് 8 മണിക്കൂർ ഉറക്കം വേണം.
* മദ്ധ്യവയസ്‌കർക്ക് 6 മുതൽ 8 മണിക്കൂർ വരെ.
* വൃദ്ധർക്ക് 6 മണിക്കൂർ

ഒന്നാം ഘട്ടം
ചെറിയ മയക്കം പോലെയുള്ള ഉറക്കമാണ് ആദ്യഘട്ടത്തിലുണ്ടാകുന്നത്. കണ്ണുകൾ ക്രമേണ അടയുകയും പേശികൾ വിശ്രമാവസ്ഥയിൽ ആവുകയും അയയുകയും ചെയ്യും. ഈ ഘട്ടത്തിൽ ബോധമനസ് പ്രവർത്തനനിരതമാകുന്നതിനാൽ വേഗം ഉണരുവാൻ സാധിക്കും.

രണ്ടാം ഘട്ടം
ഈ ഘട്ടത്തിൽ കണ്ണുകളുടെ ചലനം കുറഞ്ഞു വരും. ഉറക്കം കുറേ കൂടി അഗാധമാകും. മസ്തിഷ്‌കത്തിൽ നിന്നും ശരീരത്തിലേക്കുള്ള തരംഗങ്ങളുടെ സഞ്ചാരം സാവധാനമാകും.

മൂന്നാംഘട്ടം
ഈ ഘട്ടത്തിൽ ബോധമനസിന്റെ പ്രവർത്തനം നിലയ്ക്കും. മസ്തിഷക്കത്തിൽ നിന്നുള്ള തരംഗങ്ങൾ ദുർബലമാകും. അത് ഡെൽറ്റാ തരംഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കണ്ണുകളുടെ ചലനം ഈ ഘട്ടത്തിൽ നിൽക്കും.

നാലാംഘട്ടം
ഗാഢനിദ്രാവേളയെന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്. നിദ്രയുടെ ഈ ഘട്ടത്തിൽ ശ്വാസം ദ്രുതഗതിയിലാകും. ഹൃദയസ്പന്ദനം, നാഡി മിടിപ്പ്, രക്തസമ്മർദ്ദം എന്നിവ വർദ്ധിക്കും. സ്വപ്നം, സ്വപ്നാടനം, ഉറക്കത്തിൽ സംസാരം, സ്വപ്ന സ്ഖലനം എന്നിവയും ഈ ഘട്ടത്തിലാണുണ്ടാകുക. 70 മുതൽ 90 മിനിറ്റ്വരെയാണ് ഈ ഘട്ടത്തിന്റെ ദൈർഘ്യം.