തൃശൂർ: കേരളത്തിൽ ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതു ഫാസിസത്തിലേക്കുള്ള പ്രയാണമാണെന്ന് പറയാൻ മടി കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
ഇതിലും വലിയ തീക്ഷ്ണമായ സമരങ്ങളിലൂടെ കടന്നുപോയ ചരിത്രമാണ് ഇടത് സർക്കാരുകൾക്കുള്ളത്. അങ്ങനെയുള്ള കേരളത്തിന്റെ ചരിത്രം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പഠിക്കുന്നത് നല്ലതായിരിക്കും. ശബരിമല വിധിയുടെ പേരിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ഷായുടെ പ്രസ്താവനയോടെ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലിരുന്നു നാമം ജപിച്ചാൽ കേസ് എടുക്കില്ല. റോഡിലിറങ്ങി ജപിക്കുമ്പോൾ കേസ് എടുത്തെന്ന് വരും. തൊഴിലാളികൾക്കു വേണ്ടിയുള്ള സമരങ്ങളുടെ പേരിൽ താനടക്കമുള്ള എത്രയോ പൊതുപ്രവർത്തകർക്കെതിരെ കേസ് ഉണ്ട്. നിയമം ലംഘിച്ച് സമരം നടത്തുമ്പോൾ കേസ് എടുക്കുക എന്നത് നാമജപക്കാർക്കു വേണ്ടി പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ നിയമമല്ല. നിയമം പരിചയമില്ലാത്തവർക്കാണ് ഇത് വലിയ സംഭവമായി തോന്നുന്നത്. സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെയുണ്ടായ ആക്രമണം നിലപാടുകൾക്കെതിരെ നിൽക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും കാനം പറഞ്ഞു.