തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ കേന്ദ്ര സർക്കാർ വലിച്ചു താഴെയിടേണ്ടെന്നും ജനങ്ങൾ തന്നെ അത് ചെയ്തോളുമെന്നുമാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള വിശദീകരിച്ചു. ഷായുടെ പ്രസംഗത്തെ ചില മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട്, കൊലപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബി.ജെപിക്കാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ധർമസേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തിൽ ഇപ്പോൾ അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നത്. ഇതിനെ സഹനസമരത്തിലൂടെ ആയിരിക്കും ബി.ജെ.പി നേരിടുകയെന്നും പിള്ള പറഞ്ഞു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീട് ആക്രമിച്ചതിൽ ബി.ജെ.പിക്ക് പങ്കില്ല. എന്നാൽ, ബി.ജെ.പി നേതാക്കൾക്കെതിരെ സി.പി.എം അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയാണ്. ബി.ജെ.പിക്കാർക്കെതിരെ അനാവശ്യ കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ 30ന് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ താൻ ഉപവാസമിരിക്കും. നവംബർ 8 മുതൽ 13 വരെ കാസർഗോഡ് മുതൽ പത്തനംതിട്ട വരെ രഥയാത്ര നടത്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.