mohanlal

യാത്രകൾ വളരെയധികം ഇഷ്‌ടപ്പെടുന്നയാളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. തന്റെ യാത്രാഭ്രമത്തെക്കുറിച്ച് പലപ്പോഴും ലാൽ പറഞ്ഞിട്ടുമുണ്ട്. യാത്രയിൽ നിന്ന് തനിക്ക് ലഭിക്കുന്ന ഊർജവും അനുഭവങ്ങളും ബ്ളോഗിലൂടെ താരം പ്രേക്ഷകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഹിമാലയം മുതൽ അന്റാർട്ടിക്ക വരെയും താൻ സഞ്ചരിച്ച പാതകളിലെ വിസ്‌മയങ്ങൾ ഒരു സിനിമാക്കഥ പോലെ ലാൽ ആസ്വാദകന് അനുഭവവേദ്യമാക്കിയിട്ടുണ്ട് . ഇപ്പോൾ അത്തരത്തിൽ ഒരു യാത്രയിലാണ് മോഹൻലാൽ.

കുടുംബത്തിനൊപ്പം പോർച്ചുഗലിലാണ് മഹാനടനിപ്പോൾ. യാത്രയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ലാൽ പങ്കു വയ്‌ക്കുന്നുണ്ട്. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് സൂപ്പർതാരത്തിന്റെ ഇത്തവണത്തെ യാത്ര. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രിയനടൻ പങ്കുവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

അതേസമയം, വരും ദിവസങ്ങളിൽ തിയേറ്റ‌റുകളെ കാത്തിരിക്കുന്നത് വമ്പൻ മോഹൻലാൽ ചിത്രങ്ങളുടെ റിലീസുകളാണ്. ഇതിൽ ഹിറ്റ് മേയ്‌ക്കർ രഞ്ജിത്തിനൊപ്പം കൈകോർക്കുന്ന ഡ്രാമയാണ് ഏറ്റവും ആദ്യം എത്തുക. നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ഒടിയന്റെ വരവ് അതിന് ശേഷമാണ്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്‌ണന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു തുടങ്ങിയ വൻതാരനിരയാണ് അണിനിരക്കുന്നത്.

യുവസൂപ്പർ താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് മറ്റൊരു വമ്പൻ പ്രോജക്‌‌ട്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ രാഷ്‌ട്രീയ നേതാവായാണ് ലാൽ എത്തുന്നത്. മഞ്ജുവാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മംമ്‌ത മോഹൻദാസ് എന്നീ വമ്പൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്.