ഇന്ത്യൻ ഭരണഘടനയെയും, സുപ്രീം കോടതിയെയും വെല്ലുവിളിക്കുകയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായെന്ന് എം.എ ബേബി ആരോപിച്ചു. സുപ്രീം കോടതി എന്തിനാണ് 'പ്രായോഗികമല്ലാത്ത' വിധികളിറക്കുന്നതെന്ന് ചോദിക്കുന്നതിൽ നിന്നും അതാണ് വ്യക്തമാവുന്നത്. അമിത് ഷായിൽ നിന്നും നരേന്ദ്ര മോദിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം. എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെത്തി പിണറായി സർക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് ശരിക്കും ഒരമളി പറ്റിയെന്നും
കേരളത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുന്നതെന്നാവും അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാവുക എന്നും ഫേസ്ബുക്ക് പോസ്റ്റിൽ എം. എ. ബേബി ചൂണ്ടിക്കാട്ടുന്നു. എം.എൽ.എ മാരെ വിലയ്ക്ക് വാങ്ങി സർക്കാരിനെ മറിച്ചിടുന്ന രീതി കേരളത്തിൽ നടപ്പിലാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമിത് ഷാ വെല്ലുവിളിക്കുന്നത് ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയുമാണ്. ഇന്ത്യ ഭരിക്കുന്ന പാർടിയുടെ പ്രസിഡണ്ടാണ് ചോദിക്കുന്നത് സുപ്രീം കോടതി എന്തിനാണ് 'പ്രായോഗികമല്ലാത്ത' വിധികളിറക്കുന്നതെന്ന്! കോടതി ഭരണഘടന പ്രകാരമാണ് വിധികളിറക്കുന്നത്.
ഭരണഘടനയിലെ മൌലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് കോടതി പറഞ്ഞത്. കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിൽ അത് ഉന്നയിക്കാൻ ഭരണഘടനാനുസൃതമായ മാർഗങ്ങളുണ്ട്. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ പ്രസിഡണ്ട് തന്നെ ഭരണഘടനയെയും മൌലികാവകാശങ്ങളെയും സുപ്രീം കോടതിയെയും വെല്ലുവിളിച്ചാൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് വെല്ലുവിളിക്കപ്പെടുന്നത്. അമിത് ഷായിൽ നിന്നും നരേന്ദ്ര മോദിയിൽ നിന്നും ബിജെപിയിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ജനങ്ങളൊന്നായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
അതിനിടയിൽ അമിത് ഷായ്ക്ക് ഒരമളി പറ്റി. കോൺഗ്രസ് പിന്തുണയോടെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുന്നതെന്നാണ് ഷാ തെറ്റിദ്ധരിച്ചിരിക്കുന്നത്. കേരളത്തിലെ സർക്കാരിനെ താഴെയിറക്കും എന്നാണ് അമിത് ഷാ പറഞ്ഞത്. പക്ഷേ, എം എൽ എമാരെ വിലയ്ക്ക് വാങ്ങി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് എം എൽ എ മാരുടെ പിന്തുണയോടെയല്ലല്ലോ പിണറായി വിജയൻ സർക്കാർ പ്രവർത്തിക്കുന്നത്!
അമിത് ഷായെപ്പോലെയുള്ള ഫാഷിസ്റ്റുകളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയാൻ കേരള ജനതയ്ക്കറിയാം