jaitely

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി രംഗത്ത്. മതാനുഷ്ഠാനങ്ങൾ മൗലികാവകാശമാണെന്നും ഒരു അവകാശത്തിന്റെ പേരിൽ മറ്റൊരു അവകാശത്തെ ഹനിക്കാനാകില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങൾ അവകാശത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അനുസ്‌‌മരണം നടത്തുകയായിരുന്നു അദ്ദേഹം.

തുല്യതയ്ക്കുള്ള അവകാശം നൽകിയ അതേ ഭരണഘടന തന്നെയാണ് ഏത് മതത്തിൽ വിശ്വസിക്കുന്നതിനും മത സ്ഥാപനങ്ങൾ നടത്തുന്നതിനും അവകാശം നൽകിയത്. അതിനാൽ തന്നെ ഇവ രണ്ടും സൗഹാർദ്ദപരമായ നിലനിൽക്കേണ്ടതാണ് - ജയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി.

നടപ്പാക്കാൻ സാധിക്കുന്ന വിധികൾ മാത്രമെ കോടതികൾ പുറപ്പെടുവിക്കാവൂ എന്ന് ഇന്നലെ കണ്ണൂരിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു.