കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്ന കിരാത നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിഷേധത്തെ അടിച്ചമർത്തുന്തോറും ആൾക്കാരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. നാമജപത്തിന് പോയ സ്ത്രീകൾക്ക് എതിരെ കേസെടുക്കാൻ നിർദേശിച്ചത് എന്തടിസ്ഥാനത്തിലാണ്. വീഡിയോയിൽ കാണുന്നവരെയെല്ലാം അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണുള്ളത്. . സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വെച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. കോടതി വിധിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരളത്തിലെ സർക്കാരിനെ താഴെയിറക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.