1. കേരള സർക്കാരിനെ താഴെ ഇറക്കും എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ. സർക്കാരിനെ താഴെയിടുമെന്ന പ്രസ്താവന ജനാധിപത്യ വിരുദ്ധം. കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോൽപ്പിക്കണം. അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നു എന്നും പി.ബി.
2. ബി.ജെ.പി ദേശീയ അധ്യക്ഷൻ, കേരളത്തിന്റെ മനസറിയാതെ വർഗീയ വാചക കസർത്ത് നടത്തി കയ്യടി നേടാൻ ശ്രമിക്കുന്നു എന്ന് വി.എസ് അച്യുതാനന്ദൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് ഇവിടെ ചിലവാകില്ല. ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് ഉത്തരേന്ത്യയിൽ ഇരിക്കുമ്പോൾ നിലപാട് എടുക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം, കേരളത്തിൽ എത്തുമ്പോൾ സമരത്തിന് ആഹ്വാനം ചെയ്യുന്നു. ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും എന്നും വി.എസ്.
3. നിയമസഭയെ താഴെ ഇറക്കും എന്ന് പ്രഖ്യാപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെ പരസ്യ വിമർശനവുമായി പ്രതിപക്ഷവും. അമിത് ഷാ കലാപത്തിന് ആഹ്വാനം ചെയ്യുക ആണ് എന്ന് രമേശ് ചെന്നിത്തല. പിണറായിയെ ജനങ്ങൾ താഴെ ഇറക്കും. എന്നാൽ അതിന് ബ്ി.ജെ.പിയ്ക്ക് ശക്തി ഇല്ലെന്നും ആക്ഷേപം.
4. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്ന ജി.രാമൻ നായർ ഉൾപ്പടെ അഞ്ച് പേർ ബി.ജെ.പിയിൽ ചേർന്നു. രാമൻ നായർക്ക് പുറമെ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം പ്രമീള ദേവി, മലങ്കര സഭാ അംഗം സി.തോമസ് ജോൺ, ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ, എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
5. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ജി. രാമൻ നായരെ അടുത്തിടെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്നാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. രാമൻ നായർക്ക് ഉചിതമായ സ്ഥാനം നൽകും എന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി സൂചന.
6. പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ തകർക്കുക എന്ന നിലപാടാണ് കേന്ദ്രത്തിന് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നിഷേധാത്മക നിലപാട് തുടർന്നാലും പുനർ നിർമ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ അങ്ങനെ പുനർ നിർമ്മിക്കേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
7. അടി വസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ട എന്ന മന്ത്രി ജി. സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ. പൂജാരികൾക്ക് അടിവസ്ത്രം ഇല്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അല്ലെങ്കിൽ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ച് കാണും എന്നും അദ്ദേഹം പറഞ്ഞു. പൂജാരിമാർക്ക് അടിവസ്ത്രം ഉണ്ടോ എന്ന് പരിശോധിക്കുന്ന പണി കൂടി മന്ത്രിക്ക് ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നും ശശികുമാര വർമ്മ പരിഹസിച്ചു.
8. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവാത്തത് നാണക്കേടെന്ന് മുൻ സുപ്രീംകോടതി ജഡ്ജി സുജാത മനോഹർ. വിധി കേരളം നടപ്പാക്കണമെന്നും കേരളം പോലൊരു സംസ്ഥാനത്ത് ഈ ചെറിയ കാര്യം നടപ്പായില്ലെങ്കിൽ നാണക്കേടാണ് എന്നും സുജാതാ മനോഹർ. കോടതിയിൽ മറുപടി പറയേണ്ടത് സംസ്ഥാന സർക്കാർ ആയിരിക്കുമെന്നും ജസ്റ്റിസ് സുജാതാ മനോഹർ ഓർമ്മിപ്പിച്ചു.
9. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ. ഇന്ത്യ ജപ്പാൻ 13ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് മോദി ജപ്പാനിൽ എത്തിയത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു നേതാക്കളും ഒപ്പു വയ്ക്കും.
10. എം.എസ് ധോണിയെ വരാനിരിക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധങ്ങൾ കടുക്കുന്നു. യുവതാരം ഋഷഭ് പന്തിന് അവസരങ്ങൾ നൽകാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചത് എന്നാണ് പരിശീലകൻ എം.എസ്.കെ പ്രസാദ് പ്രതികരിച്ചത്. ടീം പ്രഖ്യാപിച്ചതിനു പിന്നാലെ വന്ന മുൻ താരം ആകാശ് ചോപ്രയുടെ ട്വീറ്റും ആരാധകരെ സങ്കടപ്പെടുത്തുന്നു. ഇന്ത്യയുടെ ജേഴ്‌സിയിൽ ഇനിയൊരു ടി20 മത്സരത്തിന് ധോണി ഉണ്ടാകില്ലെന്നായിരുന്നു ട്വീറ്റ്.
11. വിജയ് സേതുപതി ട്രാൻസ് ജെൻഡറായെത്തുന്ന ചിത്രം സൂപ്പർ ഡീലക്‌സിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സാരിയണിഞ്ഞ് ട്രാൻസ്‌ജെൻഡർ വേഷത്തിൽ വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫ്ര്രസ്ലുക് പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
12. മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ വീഡിയോ ഗാനം പുറത്തുവിട്ടു. അനു സിതാരയും ടൊവിനോയും ആണ് ചിത്രത്തിൽ പ്രണയ ജോഡികളായി എത്തുന്നത്. അജയൻ എന്ന പാൽക്കാരന്റെ വേഷമാണ് ചിത്രത്തിൽ ടൊവിനോയുടേത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്ന ഗാനം ആദർശ് എബ്രഹാമാണ് ആലപിച്ചിരിക്കുന്നത്.