കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ പുറത്താക്കപ്പെട്ട റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി സ്‌പീക്കർ കാരു ജയസൂര്യ അംഗീകരിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് മൈത്രീപാല സിരിസേനയ്ക്ക് ജയസൂര്യ കത്ത് നൽകി. അതേസമയം, പാർലമെന്റ് മരവിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ ജയസൂര്യ വിമർശിക്കുകയും ചെയ്തു.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അധികാരത്തിലേറ്റിയതിന് പിന്നാലെയാണ് സിരിസേന നവംബർ 16 വരെ പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിറുത്തിവച്ചു കൊണ്ട് ഉത്തരവിട്ടത്. അടുത്ത വർഷത്തെ വാർഷിക ബഡ്ജറ്റിന് മുന്നോടിയായി നവംബർ അഞ്ചിന് പാർലമെന്റ് ചേരാനിരിക്കെയായിരുന്നു ഈ നടപടി. സർക്കാരിന്റെ നാഥനെന്ന നിലയിൽ വിക്രമസിംഗെയുടെ അധികാരങ്ങളും അവകാശങ്ങളും പുന:സ്ഥാപിക്കണമെന്ന് ജയസൂര്യ ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ ഭൂരിപക്ഷത്തോടെയാണ് സർക്കാർ അധികാരത്തിൽ വന്നതെന്നും അതിനാൽ തന്നെ പ്രസിഡന്റിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്പീക്കർ കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് നടപടികൾ മരവിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അതേക്കുറിച്ച് സ്പീക്കറുമായി ചർച്ച ചെയ്യണമായിരുന്നു. അതിനാൽ തന്നെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം പുന:പരിശോധിക്കണം - ജയസൂര്യ കത്തിൽ വ്യക്തമാക്കി.
പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ മാറ്റാൻ പാടില്ലെന്നാണ് ശ്രീലങ്കൻ ഭരണഘടനാ വ്യവസ്ഥ. ഇതനുസരിച്ച് അടിയന്തരമായി പാർലമെന്റ് യോഗം വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന ഉത്തരവിറക്കിയത്. പൊടുന്നനെയുള്ള രാഷ്ട്രീയ അട്ടിമറിയിലൂടെ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് റെനിൽ വിക്രമസിംഗെയുടെ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. പിന്നാലെ വിക്രമസിംഗെയെ സിരിസേന പുറത്താക്കുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാജപക്സെയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2015ലാണ് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സഹായത്തോടെ സിരിസേന പ്രസിഡന്റായത്.