vellappalli

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പിയുടെ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘപരിവാർ സമരത്തിനൊപ്പം എസ്.എൻ.ഡി.പി ഉണ്ടാകില്ലെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി വർക്കലയിൽ പറഞ്ഞു.

എസ്.എൻ.ഡി.പി വിശ്വാസികൾക്കൊപ്പം തന്നെയാണ്. 10 വയസ്സിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയ്ക്കു പോകേണ്ടതില്ല. പ്രവർത്തനം കൊണ്ട് സുപ്രീം കോടതി വിധിയെ മറികടക്കുകയാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങരുതെന്ന് എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ എസ്എൻഡിപിയും ബിജെപിയും യോജിച്ചു പോരാട്ടം നടത്തണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശനിയാഴ്‌ച ആഹ്വാനം ചെയ്‌തിരുന്നു. ശിവഗിരിയിൽ ശ്രീനാരായണഗുരുദേവ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങിലായിരുന്നു അമിത് ഷായുടെ വാക്കുകൾ.