state-school-meet
STATE SCHOOL MEET

തിരുവനന്തപുരം: ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ജിബിൻ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജന്മദിനത്തിൽ . എന്നാൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ ജിബിന്റെ ലക്ഷ്യം മറ്രൊന്നായിരുന്നു. കഴിഞ്ഞ ദേശീയ മത്സരത്തിൽ തന്നെ പിന്നിലാക്കിയ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ഗുജറാത്ത് സ്വദേശി യാദവ് നരേഷ് കൃപാലിന്റെ 61.66 മീറ്റർ റെക്കോഡ് തകർക്കുക. പക്ഷേ 57.34 മീറ്രറിലേക്ക് ജാവലിൻ എറിഞ്ഞ് വിജയത്തിന്റെ സന്തോഷവും പൂർത്തീകരിക്കാനാകാതെ പോയ ലക്ഷ്യത്തിന്റെ വിഷമവും പേറി ജിബിൻ നാട്ടിലേക്ക് മടങ്ങി.

എറണാകുളം എം.എ കോളേജ് സ്പോർട്സ് ഹോസ്റ്റൽ മതിരപ്പള്ളിക്കുവേണ്ടിയാണ് പ്ളസ് വൺ വിദ്യാർത്ഥിയായ പത്തനംതിട്ട സ്വദേശി ജിബിൻ തോമസ് മത്സരിക്കാനിറങ്ങിയത്. കോന്നി കൂടൽ വി.എച്ച്.എസ്.എസിൽ പഠിക്കുന്ന കാലത്ത് സ്കൂളിൽ ലഭ്യമായ മുളയിൽ നിർമ്മിച്ച ജാവലിൻ ഉപയോഗിച്ച് സ്വയം പരിശീലനം നടത്തിയ ജിബിൻ 2016ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അന്ന് ജിബിന്റെ കഴിവ് തിരിച്ചറിഞ്ഞ സ്കൂളിലെ കായികാധ്യാപകനായ രവി നൽകിയ പ്രചോദനമാണ് ഇൗ സ്വർണത്തിന് പിന്നിൽ.

കഴിഞ്ഞ വർഷം പാലായിൽ നടന്ന മേളയിൽ 57.44 മീറ്രർ എറിഞ്ഞ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിബിൻ 2017ൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 60 മീറ്ററോടെ എട്ടാം സ്ഥാനത്തും എത്തിയിരുന്നു. സ്കൂൾ പഠനകാലത്ത് സ്റ്രു‌‌ഡന്റ് പൊലീസ് കേഡറ്റിൽ പ്രവർത്തിച്ചിരുന്ന ജിബിന് അച്ഛനെപ്പോലെ സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹം.

കെ.ബാബുവാണ് ജിബിന്റെ കോച്ച് . അച്ഛൻ തോമസ് കുട്ടിയും അമ്മ മിനി തോമസും സഹോദരൻ ഫെബിൻ തോമസുമെല്ലാം ജിബിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിടരാൻ എല്ലാ പിന്തുണയും നൽകി കൂടെത്തന്നെയുണ്ട്.