പെൻസിൽവാനിയ:അമേരിക്കയിലെ പിറ്റ്സ്ബർഗിൽ ജൂത സിനഗോഗിന് സമീപം അക്രമി നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. നാലു പൊലീസുകാർ ഉൾപ്പെടെ ആറുപേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സംഭവം. നിരവധികേസുകളിൽ പ്രതിയായ റോബർട്ട് ബോവേഴ്സ് (46) എന്നയാളാണ് വെടിവയ്ച്ചത്. ഇയാളെ പൊലീസ് കീഴ്പ്പെടുത്തി. പിറ്റ്സ്ബർഗിലെ ട്രീ ഒഫ് ലൈഫ് എന്ന സിനഗോഗിൽ ആരാധനാ ചടങ്ങുകൾക്കിടെ മൂന്ന് തോക്കുകളുമായി എത്തിയ റോബർട്ട് വെടിയുതിർക്കുകയായിരുന്നു. ജൂതന്മാരെല്ലാം ചത്തൊടുങ്ങണം എന്ന് ഇയാൾ ആക്രോശിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം ഇയാൾ വെടിവയ്ക്കാനുള്ള കാരണം എന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജൂതന്മാർ ഒരുപാടുപേർ താമസിക്കുന്ന സ്ഥലത്താണ് വെടിവയ്പ് നടന്നത്. ഈ പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. വെടിവയ്പ് നടക്കുമ്പോൾ സിനഗോഗിൽ നിരവധി പേരുണ്ടായിരുന്നു. അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റു.