rahul-easwar

കൊച്ചി: ശബരിമലയിൽ കലാപം നടത്താൻ ആഹ്വാനം ചെയ്തെന്ന കേസിൽ അറസ്റ്റിലായ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ പൊലീസിനെതിരെ രംഗത്ത്. അറസ്റ്റ് ചെയ്ത സമയത്ത് തനിക്കു നൽകിയ വാക്കുകൾ ഒന്നും പാലിച്ചില്ലെന്നും ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പ്രഭാതഭക്ഷണം കഴിക്കണമെന്ന് പറഞ്ഞതാണ്. എന്നാൽ പൊലീസ് ഇത് അനുവദിച്ചില്ല. അറസ്റ്റിന് ശേഷം ആദ്യം കിംസ് ആശുപത്രിയിൽ കൊണ്ടുപോകുമെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ അതും പാലിച്ചില്ല. പകരം തന്നെ നേരെ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയതെന്നും രാഹുൽ ആരോപിച്ചു. കസ്റ്റഡിയിൽ തന്നെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ പരാതിപ്പെട്ടു.

എന്നാൽ,​ രാഹുലിന്റെ ആരോപണങ്ങൾ പൊലീസ് തള്ളി. രാഹുലിന് പഴവും ഓറഞ്ചും നൽകിയെന്നും ഉച്ചയ്ക്ക് വെജിറ്റേറിയൻ ഊണ് വാങ്ങി നൽകിയെന്നും സെൻട്രൽ സി.ഐ അനന്തലാൽ പറഞ്ഞു. യാത്രയ്ക്കിടെ വെള്ളം കുടിക്കാനും ഭക്ഷണത്തിനുമായി മൂന്നിടത്താണ് വാഹനം നിറുത്തിയത്. ഇതിനൊക്കെ സാക്ഷികളുണ്ടെന്നും സി.ഐ പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് ചോര വീഴ്‌‌ത്തി ക്ഷേത്രം അശുദ്ധപ്പെടുത്തി അടച്ചിടാൻ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുൽ എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുൽ ഈശ്വർ അറസ്‌റ്റിലാകുന്നത്. പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്‌റ്റ്.