തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ രണ്ട് സ്വർണമുൾപ്പെടെ മൂന്ന് മെഡലുകൾ മിന്നൽ വേഗത്തിൽ നേടിയെടുത്ത് സി.ആർ അബ്ദുൾ റസാഖ്. പാലക്കാടിന് അഭിമാനമായി മാറി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലും 200 മീറ്ററിലും സ്വർണവും 100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയാണ് അബ്ദുൾ റസാഖ് ഭാവി വാഗ്‌ദാനമാകുന്നത്.
സംസ്ഥാന കായികമേളയിൽ റസാഖിന്റെ ആദ്യ സ്വർണമെഡൽ വേട്ടയാണിത്. പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂളിലെ കോച്ചായ സുരേന്ദ്രന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന കഠിനമായ പരിശീലനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് റസാഖ് പറഞ്ഞു. സ്കൂളിലെ സിംഗിൾ ട്രാക്കിലെ പരിമിതമായ സൗകര്യത്തിൽ നേടിയ പരിശീലനത്തിൽ നിന്നാണ് മൂന്ന് മെഡലുകൾ നേടിയത്. മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കിയാൽ അന്താരാഷ്ട്രതലത്തിൽ ഉന്നതവിജയം നേടാൻ കഴിവുള്ള താരമാണ് അബ്ദുൾ റസാഖെന്ന് സുരേന്ദ്രൻ തറപ്പിച്ചു പറയുന്നു. കേരള സ്പോർട്സ് ജേർണലിസ്റ്റ് കൂട്ടായ്മയുടെ മികച്ച ആൺകുട്ടിക്കുള്ള പ്രഥമ പുരസ്കാരവും ഇന്നലെ ഈ കൊച്ചുമിടുക്കന് ലഭിച്ചു. ഈ വർഷത്തെ യൂത്ത് നാഷണൽ അത്‌ലറ്റിക്സിലും സ്വർണം നേടിയിരുന്നു.
കോട്ടായി ചെറാംകുളങ്ങര വീട്ടിൽ മത്സ്യത്തൊഴിലാളിയായ റഷീദിന്റെയും ഷാജിതയുടെയും മകനാണ്. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയായ രഹ്നയാണ് സഹോദരി. കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമില്ലാതെ മാത്തൂർ സ്കൂൾ 4 സ്വർണമുൾപ്പെടെ 10 മെഡലുകളാണ് ഇത്തവണ വാരിക്കൂട്ടിയത്.