stock
STOCK MARKET

''ഓഹരി വിപണികൾ എപ്പോഴും അനിശ്‌ചിതാവസ്ഥയിലായിരിക്കും. അവഗണിക്കേണ്ട കാര്യങ്ങൾ അവഗണിച്ചും സ്വയം പന്തയം വച്ചും മാത്രമേ നമുക്ക് ആ അവസ്ഥയിൽ നിന്നുകൊണ്ട് ലാഭമുണ്ടാക്കാൻ കഴിയൂ". പ്രശസ്‌ത നിക്ഷേപകൻ ജോർജ് സോറോസിന്റെ ഈ വാക്കുകൾ വിപണിയെ സംബന്ധിച്ചിടത്തോളം എന്നും സ്വാർത്ഥമാകമാണ്.

പക്ഷേ, കടുത്ത ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ, എല്ലാവരും പ്രാഥമികമായ പലതും മറക്കും എന്നതാണ് സത്യം. കണക്കുകൾ തെറ്റുമ്പോൾ എത്ര അനുഭവമുള്ള വിദഗ്ദ്ധരും ഒന്ന് പതറും. ആദ്യമായാണോ ഇത്രവലിയ ഒരു വിഷമഘട്ടം വന്നത്. അല്ല! കാരണം, ലോക സമ്പദ്‌വ്യവസ്ഥ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിലെ ആശയകുഴപ്പം മനസിലാക്കണമെങ്കിൽ ആഴ്‌ചതോറും മാദ്ധ്യമങ്ങളിൽ വരുന്ന പ്രവചനങ്ങളുടെ ഗതി നോക്കിയാൽ മാത്രം മതി.

ഈവാരം എല്ലാവരും ടെക്‌നിക്കൽ ചാർട്ടാണ് വിപണിയെ അളക്കാൻ ഉപയോഗിക്കുന്നത്. അർത്ഥം - കഴിഞ്ഞ ഏതാനും ആഴ്‌ചകളിലെ ഗതി നോക്കി എങ്ങനെ ആയിരിക്കാം എന്ന് ഊഹിക്കാനും പ്രവചിക്കാനുമുള്ള ഒരു ശ്രമം. എന്തായാലൂം ഈ ആഴ്‌ച വിപണിക്ക് അത്ര നല്ലതല്ല അഥവാ വളരെ നിർണായകം ആണ്. സൂചികകൾ 'മേക്ക് ഓർ ബ്രേക്ക്" (നന്നാവുക അല്ലെങ്കിൽ തകരുക) എന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. ഒരു അശുഭവാർത്ത മതി എല്ലാം തകർക്കാൻ.

ടെക്‌നിക്കൽ ചാർട്ടുകളിൽ 'സപ്പോർട്ട്' പോയിന്റുകൾ എന്ന് സൂചിപ്പിക്കുന്ന പലതും വിപണി നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞവാരം ഏകദേശം 2.65 ശതമാനമാണ് നഷ്‌ടം. ഈവാരം നിഫ്‌റ്രി 10,700-10,710 പോയിന്റ് ലംഘിച്ചാൽ അത് കൂടുതൽ തകർച്ചയ്ക്ക് വഴിയൊരുക്കും. നിക്ഷേപകർക്ക് ഏറെ സൂക്ഷിക്കേണ്ട സമയമാണിത്. അത്യാവശ്യം പണം കരുതിവച്ച് അവസരങ്ങളെ നോക്കിയിരിക്കുക.

അവഗണിക്കാനാവില്ല

വിദേശ ഘടകങ്ങൾ

ആഗോളവത്കൃത വിപണിയാണ് നമ്മുടേതും. വിദേശ വിപണികളിലെ ചലനങ്ങൾ നമുക്ക് അവഗണിക്കാനാവില്ല. അമേരിക്ക-ചൈന വ്യാപാരയുദ്ധം, ആഗോളതലത്തിലെ പലിശ വർദ്ധന, ബ്രെക്‌സിറ്റ് തുടങ്ങിയവ ഇന്ത്യയിലും ചലനങ്ങളുണ്ടാക്കും. പലിശനിരക്ക് കൂടുന്തോറും പണലഭ്യത കുറയും. ഇത് സാമ്പത്തിക വളർച്ചയെ ബാധിക്കും. ഇന്ത്യയിൽ നിന്നും മറ്റും വിദേശ നിക്ഷേപകർ പിൻവലിയുകയാണ്. അമേരിക്കൻ ബോണ്ടുകൾ കൂടുതൽ സുരക്ഷിതത്വവും ലാഭവും നൽകുന്നതാണ് കാരണം.

ടെക്‌നിക്കൽ ചാർട്ടുകൾ മനസിലാകാത്തവർക്ക് നിക്ഷേപിക്കാനാവില്ലേ? അവിടെയാണ് ജോർജ് സോറോസിന്റെ വാക്കുകളുടെ പ്രസക്തി. വിലയിടിഞ്ഞ ഓഹരികൾ എല്ലാം വാങ്ങിക്കൂട്ടുന്നത് ഒരു തന്ത്രമല്ല. ഇപ്പോൾ നോക്കേണ്ടത്, ഏതു ബിസിനസാണ് ശക്തം എന്നതാണ്. രണ്ടുകാര്യം ശ്രദ്ധിക്കണം - ഒന്ന് എണ്ണ വിലയുമായി എത്രത്തോളം ബന്ധമുണ്ട്. പിന്നെ, അമേരിക്കൻ ഡോളറിന്റെ സ്വാധീനവും. ഐ.ടി., എഫ്.എം.സി.ജി., ഓട്ടോ, ഹോംലോൺ ഓഹരികൾ ഇപ്പോഴും പ്രസക്തമാണ്. വിരലിൽ എണ്ണാവുന്ന ചില മിഡ് ക്യാപ് ഓഹരികളും കൊള്ളാം.

റിയൽ എസ്‌റ്റേറ്റ്

ഐ.എൽ ആൻഡ് എഫ്.എസ് സൃഷ്‌ടിച്ച അസ്ഥിരതയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടുള്ള മടുപ്പും ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല ബിൽഡർമാരും കടത്തിലോ പാപ്പരായിരിക്കുകയോ ആണ്. പലർക്കും നിർമ്മാണം പൂർത്തിയാക്കി വീടുകൾ നൽകാനുമായിട്ടില്ല. അതിനാൽ, ഈ സെക്‌ടറിൽ നിക്ഷേപിക്കാൻ ഇപ്പോൾ അവസരം കുറവാണ്. അടുത്തകാലത്തായി ഒരു പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപവും ഇവിടെ ഉണ്ടായിട്ടില്ല. റിയൽ എസ്റ്റേറ്റ് മേഖല ഈ തകർച്ചയിൽ നിന്ന് കരകയറാൻ ഏറെനാൾ കഴിയും.

സ്വർണം

സ്വർണവില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇപ്പോൾ ആറുവർഷത്തെ ഉയരമായ 32,625 രൂപയിലാണ് (പത്തുഗ്രാം) വിലയുള്ളത്. ഈ വരുന്ന ഉത്സവകാലം, ഡോളറിന്റെ അവസ്ഥ, വിലയേറുന്ന ഇറക്കുമതി എന്നിവ സ്വർണത്തെ 'സ്വർണമാക്കി" നിറുത്തും.

മ്യൂച്വൽഫണ്ട്

പൊതുവെ ഓഹരിയാടിസ്ഥാനമായുള്ള മ്യൂച്വൽ ഫണ്ടുകൾ മോശം അവസ്ഥയിലാണ്. ഡെറ്റ് ഫണ്ടുകൾ താരതമ്യം ചെയ്‌താൽ. രണ്ടുമേഖലയിലും അതിന്റെതായ പ്രശ്‌നങ്ങൾ രൂക്ഷവുമാണ്. ഐ.ടി സെക്‌ടറും മറ്റു വിദേശ ഫണ്ടുകളെയും അപേക്ഷിച്ച്, ഇന്ത്യയിലെ ബാക്കി ഫണ്ടുകൾ ഒരു വർഷത്തോമായി നെഗറ്രീവാണ്. ഈ അവസ്ഥ സ്‌കീം സ്വിച്ചിംഗ് പോലുള്ള പരീക്ഷണങ്ങൾക്കുള്ള അവസരമാണ്. അടുത്ത അഞ്ചുവർഷം എന്തുകിട്ടും എന്നുനോക്കി വേണം ഇനി നിക്ഷേപിക്കാൻ.

നിക്ഷേപിക്കാനുള്ള പണം സ്വരൂപിച്ചവർ മറ്റു നിക്ഷേപ സാദ്ധ്യതകളെപ്പറ്റി ആരായുന്നതിൽ തെറ്റില്ല. ഒരു 'അസറ്റ് അലോക്കേഷൻ" പ്ലാൻ ചെയ്യാൻ പറ്റിയ അവസരമാണിത്. സ്വർണം മുതൽ വിശ്വസിക്കാവുന്ന കൊമേഴ്സ്യൽ പേപ്പേഴ്സ് വരെ എല്ലാ ഇൻവെസ്റ്റ്മെന്റ് ക്ലാസും സ്വന്തം പോർട്ടഫോളിയോയോയിൽ ചേർക്കാം.

ഉർവശീ ശാപം, ഉപകാരം!

ഇതിനിടെ, ഉർവശി ശാപം ഉപകാരം എന്നപോലെ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് എടുത്തപണം പല നിക്ഷേപകരും ബാങ്ക് ഡെപ്പോസിറ്റുകളാക്കിയാണ് മാറ്രിയത്. ഇത് ബാങ്കുകളിൽ പണലഭ്യത കൂടാനും തകർന്നുകിടക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നല്ല മൂല്യമുള്ള വസ്‌തുവഹകൾ വാങ്ങിക്കാനും സഹായകമാണ്. അതിനാൽ, ഒരു താത്കാലിക ശമനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് വിദഗ്ദ്ധർ.

ആഗോളതലത്തിൽ നിക്ഷേപകർ ഇപ്പോൾ ചെറിയ മാറ്റങ്ങളോട് പോലും അമിതമായാണ് പ്രതികരിക്കുന്നത്. ഏതു നിക്ഷേപം എടുത്താലും 20 ശതമാനത്തിലധികം ലാഭം ഈവർഷം ലഭിച്ചിട്ടില്ല. ഓഹരിവിപണി 1970ളിൽ കാണപ്പെട്ട സ്‌റ്റാഗ്ഫ്ലാഷൻ എന്ന അവസ്ഥ ആവർത്തിക്കുമോ എന്നാണ് ജെ.പി മോർഗൻ പോലുള്ള സ്ഥാപങ്ങൾ ഉറ്റുനോക്കുന്നതും. സങ്കീർണമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകവ്യാപാര, സാമ്പത്തിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും നേരിടാനും, ഇന്ത്യക്കു വളരെ കുറച്ചു സാദ്ധ്യതകളേയുള്ളൂ. ഉദാഹരണം എണ്ണ വില!

അതുകൊണ്ടു തന്നെ, ഇപ്പോഴത്തെ പ്രതീക്ഷ, മോദി സർക്കാർ കൂടുതൽ ശക്തമായ ഉദാരവത്കരണം നടത്തി വിദേശനിക്ഷേപകരെ പിടിച്ചുനിറുത്താനും പുതിയവരെ ആകർഷിക്കാനും ശ്രമിക്കുമെന്നതാണ്. അതുമാത്രമേ ഇപ്പോൾ നമുക്ക് ചെയ്യാനാവൂ. വിപണികൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സൂചകമാണ്. അത്, ലോകനിക്ഷേപകർക്കിടയിൽ ഒരു രാജ്യത്തെക്കുറിച്ചുള്ള വിശ്വാസ്യതയുടെ അടയാളവുമാണ്. അത് ഉയർന്നു നിൽക്കാൻ സർക്കാരുകൾ ആഗ്രഹിക്കുന്നതു മറ്റൊന്നുകൊണ്ടല്ല.