tharoor

പരാമർശം ആർ. എസ്. എസ് നേതാവിനെ ഉദ്ധരിച്ച്

ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കൽ ഒരു ആർ.എസ്.എസ് നേതാവ് വിശേഷിപ്പിച്ചതായി വെലിപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് എം. പി ശശിതരൂർ വിവാദത്തിന്റെ മറ്റൊരു കടന്നൽക്കൂട് കുത്തിപ്പൊട്ടിച്ചു.ഈ ആർ.എസ്.എസ് നേതാവ് ആരാണെന്ന് തരൂർ വെളിപ്പെടുത്തിയില്ല.

ബംഗളൂരു സാഹിത്യോത്സവത്തിൽ 'പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ:നരേന്ദ്രമോദി ആൻഡ് ഹിസ് ഇന്ത്യ' എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോദി ശിവലിംഗത്തിന് മുകളിൽ ഇരിക്കുന്ന തേളാണ്. തേളായതിനാൽ കൈകൊണ്ട് എടുത്ത് മാറ്റാനാവില്ല. ശിവലിംഗത്തിന് മുകളിലായതിനാൽ ചെരിപ്പ് കൊണ്ട് അടിക്കാനുമാവില്ല' എന്നാണ് ആർ. എസ്. നേതാവ് പറഞ്ഞത്. വിനോദ് ജോസ് എന്ന മാദ്ധ്യമപ്രവർത്തകനോടാണ് നേതാവ് ഈ പരാമർശം നടത്തിയത്. മോദിയെ തടഞ്ഞ് നിറുത്താൻ ആർ.എസ്.എസിന് കഴിയാത്തതിന്റെ നീരസമാണ് മാദ്ധ്യമപ്രവർത്തകനോട് ആർ.എസ്.എസ് നേതാവ് പ്രകടിപ്പിച്ചത്. മോദിയോടുള്ള വ്യക്തി പൂ‌ജ ആർ. എസ്. എസിലെ പലർക്കും ഇഷ്ടമല്ല.മോദിക്ക് കടിഞ്ഞാണിടാൻ കഴിയാത്തതിൽ അവർക്ക് അമർഷവും ഉണ്ട്. അതെല്ലാമാണ് ഈ പരാമർശത്തിൽ നിഴലിക്കുന്നത്. ആർ.എസ്.എസും മോദിയും തമ്മിലുള്ള അഗാധബന്ധത്തിന്റെ തെളിവാണ് ഈ തേൾ പ്രയോഗമെന്നും തരൂർ പരിഹസിച്ചു.

അതിന് പിന്നാലെ തരൂരിന്റെ പരാമർസത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.ശിവ ഭക്തനായ രാഹുൽ ഗാന്ധി, തരൂരിന്റെ മഹാദേവ നിന്ദയ്‌ക്ക് മാപ്പ് പറയണം - അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യമാദ്ധ്യമങ്ങളിലും തരൂരിനെതിരായ വിമർശനങ്ങൾ പ്രവഹിച്ചു.