ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളാണെന്ന് ഒരു ആർ.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ടെന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ പ്രസ്‌താവന വിവാദത്തിലേക്ക്. അധികാരത്തിൽ നിന്നും മോദിയെ മാറ്റാൻ ബുദ്ധിമുട്ടാണെന്ന് ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസിന് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുതിയ പുസ്‌തമായ പാരഡോക്‌സിക്കൽ പ്രൈം മിനിസ്‌റ്റർ എന്ന പുസ്‌തകത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ തരൂർ ബംഗളൂരു സാഹിത്യ ഉത്സവത്തിൽ സംസാരിക്കുകയായിരുന്നു.
പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു മുതിർന്ന ആർ.എസ്.എസ് നേതാവ് മോദിയെക്കുറിച്ച് ഒരു മാദ്ധ്യമ പ്രവർത്തകനോട് പറഞ്ഞതാണ് ഇക്കാര്യങ്ങൾ. മോദി ശിവ ലിംഗത്തിൽ ഇരിക്കുന്ന തേളിനെപ്പോലെയാണ്. അതിനെ നമുക്ക് കൈ കൊണ്ട് എടുത്ത് മാറ്റാൻ കഴിയില്ല. ചെരിപ്പൂരി അടിക്കാൻ തുനിഞ്ഞാൽ അതും പ്രശ്‌നമാകുമെന്നും തരൂർ പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ട് തരൂരിനെക്കൊണ്ട് മാപ്പ് പറയിക്കണമെന്ന് ആവശ്യപ്പെട്ടു. താനൊരു ശിവഭക്തനാണെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്. എങ്കിൽ ശിവനെ അവഹേളിക്കുന്ന ഈ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ രവിശങ്കർ പ്രസാദിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ തരൂർ ആറ് വർഷം മുമ്പ് മറ്റൊരാൾ നടത്തിയ പരാമർശങ്ങൾക്ക് തന്നെ കുറ്റുപ്പെടുത്തുന്നതെന്തിനെന്ന് തിരിച്ചടിച്ചു. ആറ് വർഷം പഴക്കമുള്ള പരാമർശത്തിനെ രവിശങ്കർ പ്രസാദ് വിവാദമാക്കുന്നത് രാജ്യത്തിന് പുതിയ കാര്യങ്ങൾ ബി.ജെ.പി വാഗ്‌ദ്ധാനം ചെയ്യുന്നില്ലെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മോദി പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് 2012ൽ പ്രസിദ്ധീകരിച്ച ലേഖനം ഷെയർ ചെയ്‌ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
In view of the unseemly demonisation of an out of context remark today involving a scorpion metaphor, my book #TheParadoxicalPrimeMinister cites & footnotes this article — please see the last paragraph of this article. https://t.co/wgrBrjiM7T
— Shashi Tharoor (@ShashiTharoor) October 28, 2018
അടുത്തിടെ തരൂർ നടത്തിയ ഹിന്ദു പാകിസ്ഥാൻ പരാമർശം ബി.ജെ.പി ഏറെ വിവാദമാക്കിയിരുന്നു. എന്നാൽ തന്റെ പരാമർശത്തിൽ ഉറച്ച് നിന്ന തരൂർ പാകിസ്ഥാനെ ഉപമിക്കുമ്പോൾ ബി.ജെ.പിക്കാർക്ക് വേദിനിക്കുന്നതെന്താണെന്ന് തിരിച്ചടിച്ചിരുന്നു. ഹിന്ദു സംഘടനകളിൽ താലിബാനിസം വളരുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.