തിരുവനന്തപുരം: ഏതാനും വർഷങ്ങൾക്ക് മുൻപ് പരിഭ്രമത്തോടെ കായികരംഗത്തേക്ക് പിച്ചവച്ചിറങ്ങി വിസ്മയക്കുതിപ്പിലൂടെ രാജ്യത്തിന്റെ അഭിമാനമാകുമെന്ന പ്രതീക്ഷ നൽകുന്ന നിരവധി താരങ്ങളുടെ അവസാന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൂടിയാണ് ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കൊടിയിറങ്ങിയത്. അവരിൽ ചിലരെക്കുറിച്ച്...
800, 1500, 3000 മീറ്ററുകളിൽ സ്വർണം നേടി 15 പോയിന്റുമായി സീനിയർ ആൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യനായ കോതമംഗലം മാർബേസിൽ സ്കൂളിലെ ആദർശ് ഗോപി അവസാന സ്കൂൾ മീറ്റ് അവിസ്മരണീയമാക്കിയാണ് അനന്തപുരിയിൽ നിന്ന് മടങ്ങുന്നത്.
ഇത്തവണ മീറ്റിലെ ഏറ്രവും വേഗമേറിയ താരമായ തിരുവവന്തപുരം സായ്‌യിലെ സി. അഭിനവിനും ഇത് അവസാന സംസ്ഥാന സ്കൂൾ കായിക മേളയായിരുന്നു.
ആറ് വർഷമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ട്രാക്കിലെ മിന്നൽപ്പിണരായിരുന്നു അഭിനവ്. ഇത്തവണയും 100, 200 മീറ്ററുകളിൽ വിജയക്കൊടിപാറിച്ചാണ് അഭിനവിന്റെ മടക്കം.
ചുരുങ്ങിയ കാലത്തിനുള്ളിൽ ദേശീയ മീറ്രുകളിൽ ഉൾപ്പെടെ വിജയക്കൊടി പാറിച്ച പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിലെ ജെ.വിഷ്ണുപ്രിയയ്ക്കും ഇത് അവസാന സംസ്ഥാന സ്കൂൾ മീറ്റാണ്. രണ്ട് സംസ്ഥാന സ്കൂൾമീറ്രുകളിൽ മാത്രമാണ് പങ്കെടുത്തതെങ്കിലും
പാലക്കാട് ഒളിമ്പിക്സ് ക്ലബിൽ ഹരിദാസന്റെ പരിശീലനത്തിൻ കീഴിൽ
ഏറെ പ്രതീക്ഷയുണർത്തുന്ന വിജയക്കുതിപ്പാണ് വിഷ്ണുപ്രിയ നടത്തിയത്. 400 മീറ്റർ ഹർഡിൽസിൽ കഴിഞ്ഞ തവണയും ഇത്തവണയും വിഷ്ണുപ്രിയയ്ക്ക് വെല്ലുവിളിയാകാൻ ആർക്കും കഴിഞ്ഞില്ല.
ഷോട്ട്പുട്ട് , ഡിസ്കസ് ത്രോകളിലെ കേരള സെൻസേഷൻ തിരുവനന്തപുരം സായ്‌യിലെ മേഘ മറിയം മാത്യവിന്റെയും അവസാന സംസ്ഥാന സ്കൂൾ മീറ്റായിരുന്നുവിത്. തിരുവനന്തപുരം സായ്‌യുടെ താരമായ മേഘ, സംസ്ഥാനതലത്തിൽ ആറ് സ്വർണമാണ് മേഘ ഷോട്ട്പുട്ടെറിഞ്ഞ് നേടിയത്.
പോളിൽ കുത്തിയ ഉയരങ്ങളിലേക്ക് പറക്കുന്ന പാലക്കാട് കല്ലടി സ്കൂളിലെ നിവ്യ ആന്റണിയുടെയും അവസാന സ്കൂൾമീറ്രായിരുന്നു ഇത്തവണത്തേത്. സീനിയർ വിഭാഗത്തിൽ സ്വർണവുമായാണ് നിവ്യ മടങ്ങുന്നത്. ജൂനിയർ പെൺകുട്ടികളുടെ ദേശീയ,സംസ്ഥാന റെക്കാഡുകൾ നിവ്യയുടെ പേരിലാണ്. ട്രിപ്പിൾ ജമ്പിൽ മികച്ച വാഗ്ദാനമെന്ന പ്രതീക്ഷ നൽകുന്ന മാതിരപ്പിള്ളി എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്രാബാബു റെക്കാഡ് സ്വർണത്തിളക്കത്തോടെയാണ് സംസ്ഥാന സ്കൂൾ കായിക മേളയോട് വിടപറയുന്നത്. കോഴിക്കോട് പുല്ലൂരാംപാറയിലെ വേഗറാണി അപർണറോയിക്കും അനന്തപുരി അവസാന സംസ്ഥാനസ്കൂൾ മീറ്ര് വേദിയായിരുന്നു. സീനിയർ പെൺകുട്ടികളുടെ 100 മീറ്രർ ഹർഡ്ഡിൽസിൽ സ്വർണവും 100 മീറ്ററിൽ വെങ്കലവുമായാണ് തന്റെ അവസാന സംസ്ഥാന സ്കൂൾമീറ്റിൽ അപർണ നേടിയത്. ട്രാക്കിലും ഫീൽഡിലും രാജ്യത്തിന്റെ അഭിമാനമുയർത്താൻ ഈ താരങ്ങൾക്കാകുമെന്നാണ് കായിക ലോകത്തിന്റെ പ്രതീക്ഷ.