pinarayi-vijayan

പാലക്കാട്: ശബരിമല വിഷയത്തിൽ കളിച്ചാൽ സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ വലിച്ച് താഴെയിടാനുള്ള തടിയൊന്നും അമിത് ഷായ്‌ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ അങ്ങ് ഗുജറാത്തിലേ നടക്കൂ. രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്. ഇക്കാര്യത്തിൽ വിവേകം കാണിക്കണമായിരുന്നു. കേരളത്തിലെത്തുമ്പോൾ അമിത് ഷായ്‌ക്ക് മതിഭ്രമമാണ്. എന്താണ് പറയേണ്ടതെന്ന് അദ്ദേഹം മറന്ന് പോവുകയാണ്. ഇങ്ങനെ കുറച്ച് പ്രാവശ്യം കൂടി കേരളത്തിലെത്തിയാൽ ‌ഞങ്ങളുടെ പണി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് പി.കെ.എസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറുകാർക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്നും ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ വിശ്വാസികൾക്ക് എതിരല്ല. ശബരിമലയിൽ നിന്ന് വിശ്വാസികളെയല്ല മറിച്ച് ക്രിമിനലുകളെയാണ് അറസ്‌റ്റ് ചെയ്‌തത്. ശബരിമലയുടെ പവിത്രത സംരക്ഷിക്കാനാണ് സർക്കാർ ഇടപെട്ടത്. ശബരിമലയിലേക്കെത്തുന്ന ഭക്തർക്ക് വേണ്ടി ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമൊന്നുമില്ല. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്‌തത്. 1991ലെ ഹൈക്കോടതി വിധി അനുസരിച്ച് പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാരുകൾ സ്ത്രീ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് സുപ്രീം കോടതി വിധിച്ചാൽ ഇക്കാര്യം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.