hero

ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്‌തംബർ വരെ ഇന്ത്യയിൽ വിറ്റഴിഞ്ഞ സ്‌കൂട്ടറുകളുടെ എണ്ണം 37.57 ലക്ഷമാണ്. സെപ്‌തംബറിൽ മാത്രം ആറര ലക്ഷത്തിലേറെ സ്‌കൂട്ടറുകൾ ഇന്ത്യക്കാർ വാങ്ങി. പ്രളയദുരിതത്തിന്റെ ആഘാതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽ വില്‌പന അല്‌പം മാന്ദ്യത്തിലായിരുന്നു. അല്ലായിരുന്നെങ്കിൽ, സ്‌കൂട്ടർ വില്‌പന കഴിഞ്ഞമാസം ഇതിലും കൂടിയേനെ.

പറഞ്ഞുവന്നത്, സ്‌കൂട്ടറുകൾ ഇന്ത്യയിൽ അനുദിനം ചൂടപ്പം പോലെ വിറ്റഴിയുകയാണ്. ഒരുകാലത്ത് ഹോണ്ട ആക്‌ടീവ മാത്രം അരങ്ങുവാണിരുന്ന സ്‌കൂട്ടർ ശ്രേണിയിൽ ഇപ്പോൾ, ആക്‌ടീവയ്‌ക്കൊപ്പം മറ്ര് കമ്പനികളുടെയും ധാരാളം മോഡലുകൾ ജനപ്രീതി നേടി മുന്നേറുന്നു. ടി.വി.എസ് ജുപ്പീറ്റർ, എൻടോർക്ക് 125, സുസുക്കി ആക്‌സസ്, ഹോണ്ടയുടെ തന്നെ ഡിയോ, ഹീറോ മേസ്‌ട്രോ എന്നിവ കഴിഞ്ഞമാസവും മികച്ച വില്‌പന തന്നെയാണ് നേടിയത്. ഈ വിഭാഗത്തിലേക്ക് ഹീറോ പരിചയപ്പെടുത്തുന്ന പുത്തൻ മോഡലാണ് ഡെസ്‌റ്രിനി 125.

ഹീറോ മോട്ടോകോർപ്പിന്റെ ആദ്യ 125 സി.സി സ്‌കൂട്ടർ എന്ന സവിശേഷതയും ഡെസ്‌റ്റിനിക്ക് സ്വന്തമാണ്. ഈ ശ്രേണിയിൽ മാറ്റാർക്കുമില്ലാത്ത ഒട്ടേറെ പ്രത്യേകതകൾ അവകാശപ്പെട്ടാണ് ഡെസ്‌റ്രിനിയുടെ ചുവടുവയ്‌പ്പ്. ഹീറോ 'ഐ3എസ്" എന്നു വിളിക്കുന്ന ഐഡിൽ സ്‌റ്റാർട്ട് - സ്‌റ്രോപ്പ് സംവിധാനമാണ് ഇതിൽ പ്രധാനം. തിരക്കേറിയ നഗരനിരത്തുകളിൽ ഗതാഗതക്കുരുക്കിലോ സിഗ്‌നലിലോ അകപ്പെടുമ്പോൾ നിശ്‌ചിത സമയത്തിന് ശേഷം എൻജിൻ തനിയെ ഓഫ് ആകുകയും, എന്നാൽ ബ്രേക്ക് ലിവർ പുൾ ചെയ്‌ത് അതിവേഗം സ്‌കൂട്ടർ ഓണാക്കാനും സഹായിക്കുന്ന സംവിധാനമാണിത്. ഇന്ധനനഷ്‌ടം കുറയ്‌ക്കാനും ഇത് സഹായിക്കും.

ഹീറോയുടെ ഡ്യുവറ്റുമായി ചെറിയ രൂപകല്‌പനാ സാദൃശ്യം ഡെസ്‌റ്രിനിക്കുണ്ട്. ഇരു മോഡലുകളുടെയും മൊത്തം രൂപാകാരം (നീളവും വീതിയും ഉൾപ്പെടെ) ഒരുപോലെയാണ്. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഡ്യുവറ്ര് 125 കോൺസ‌പ്‌റ്രായാണ് ഹീറോ ഈ മോഡലിനെ അവതരിപ്പിച്ചിരുന്നത്. അതേസമയം, ഡെസ്‌റ്രിനിയിലെ ഓരോ ഘടകങ്ങളും പുതുമ നിറച്ച് അവതരിപ്പിക്കാൻ ഹീറോയ്ക്ക് സാധിച്ചിട്ടുണ്ട്. ഡെസ്‌റ്രിനിയുടെ വശങ്ങളിൽ ക്രോം യുക്തിപൂർവം ഉപയോഗിച്ചിട്ടുണ്ട് ഹീറോ. അത് നല്ല ഭംഗിയുമാണ്.

മൾട്ടി ഫംഗ്‌ഷൻ കീയാണ് മറ്റൊരു പ്രത്യേകത. സ്‌റ്രിയറിംഗ് ലോക്ക് ചെയ്യാനും റിമോട്ടായി ബൂട്ടും ഇന്ധനടാങ്കിന്റെ ക്യാപ്പും തുറക്കാനും ഇതുപയോഗിക്കാം. ഇന്ധനം നിറയ്‌ക്കാനുള്ള അടപ്പ് സീറ്റിന് താഴെ ബൂട്ടിലല്ല. പകരം, പുറത്ത് ടെയ്‌ൽ ലൈറ്റിന് മുകളിലാണ്. അതായത്, സീറ്റിൽ നിന്ന് എണീക്കാതെ തന്നെ ഡെസ്‌റ്രിനിയിൽ ഇന്ധനം നിറയ്‌ക്കാം. ഡിജിറ്റലും അനലോഗും ചേർന്നാണ് ഇൻസ്‌ട്രുമെന്റ് പാനൽ. സൈഡ് സ്‌റ്രാൻഡ് ഇൻഡിക്കേറ്ററും ഇതിലുണ്ട്. 19 ലിറ്രറാണ് സീറ്രിന് കീഴിലെ സ്‌റ്രോറേജ് സ്‌പേസ്. ഇതിൽ, (വി.എക്‌സ് വേരിയന്റിൽ) മൊബൈൽ ചാർജിംഗ് സോക്കറ്റുമുണ്ട്. ഇതേ വേരിയന്റിൽ ട്യൂബ്‌ലെസ് ടയർ, 10 ഇഞ്ച് അലോയ് വീലുകൾ എന്നിവയും കാണാം.

155 എം.എം ആണ് ഡെസ്‌റ്രിനിയുടെ ഗ്രൗണ്ട് ക്ളിയറൻസ്. 8.70 എച്ച്.പി കരുത്തുള്ളതാണ് എയർകൂളായ, 4-സ്‌ട്രോക്ക് എസ്.ഐ എൻജിൻ. ടോർക്ക് പരമാവധി 10.2 എൻ.എം. ലിറ്ററിന് 51 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. 111.5 കിലോഗ്രാമാണ് വണ്ടിയുടെ ഭാരം. 130 കിലോഗ്രാം വരെ ഭാരം വഹിക്കും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ വൈബ്രേഷനുകളോ പതർച്ചയോ ഇല്ലാതെ പായാൻ ഡെസ്‌റ്റിനിക്ക് കഴിയും. ഏത് പ്രായക്കാർക്കും ഇണങ്ങിയ മികച്ചൊരു സ്‌കൂട്ടറാണ് ഡെസ്‌റ്രിനി. എക്‌സ്‌ഷോറൂം വില 54,650 രൂപ മുതൽ. ചുവപ്പ്, കറുപ്പ്, ബ്രൗൺ, വെള്ള നിറങ്ങളുണ്ട്.