rahul-eeswar

കൊച്ചി: ശബരിമലയിൽ ചോരവീഴ്‌ത്തുമെന്ന വിവാദ പരാമർശത്തെ തുടർന്ന് കൊച്ചി പൊലീസ് അറസ്‌റ്റ് ചെയ്‌ത അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്‌ചയും സ്‌റ്റേഷനിലെത്തി ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് ചോര വീഴ്‌‌ത്തി ക്ഷേത്രം അശുദ്ധപ്പെടുത്തി അടച്ചിടാൻ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുൽ എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ്കേസെടുത്തത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുൽ ഈശ്വർ അറസ്‌റ്റിലാകുന്നത്. പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്‌റ്റ്.