pic

സ്‌മാർട് ഫോൺ പ്രേമികളെ വീണ്ടും വിസ്‌മയിപ്പിച്ച് ഷവോമി. പത്തു ജിബി റാമും 256 ജിബി സ്‌റ്രോറേജിനും പുറമേ മുന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) 24 മെഗാ പിക്‌സൽ, സ്ളൈഡിംഗ് കാമറയുമായി മി മിക്‌സ് 3 എന്ന പുത്തൻ മോഡൽ സ്വരാജ്യമായ ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിംഗിൽ ഷവോമി പുറത്തിറക്കി. 1080x2340 പിക്‌സൽ റെസൊല്യൂഷനോട് കൂടിയ 6.39 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിൽ ഒക്‌ടാകോർ, സ്‌നാപ് ഡ്രാഗൺ 845 എസ്.ഒ.സി പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു.

ആറ് ജിബി റാം+128 ജിബി റോം, എട്ട് ജിബി റാം+128 ജിബി റോം, എട്ട് ജിബി റാം+256 ജിബി റോം വേരിയന്റുകൾക്ക് പുറമേയാണ് മി മിക്‌സ് 3യുടെ പത്തു ജിബി റാമോടു കൂടിയ 256 ജിബി റോം പാലസ് മ്യൂസിയം സ്‌പെഷ്യൽ എഡിഷൻ ഷവോമി പുറത്തിറക്കിയത്. നവംബർ മുതലാണ് ഫോണുകളുടെ വില്‌പന. 34,800 രൂപ മുതൽ 52,700 രൂപവരെയാണ് ഫോണിന് ചൈനീസ് വിപണിയിൽ വില.

മി മിക്‌സ് 3യുടെ 5ജി വേരിയന്റ് അടുത്തവർഷം യൂറോപ്പ്യൻ വിപണിയിൽ പുറത്തിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. ഫോൺ ഇന്ത്യയിൽ എന്നെത്തുമെന്ന് വ്യക്തമല്ല. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്രിംഗ് സിസ്‌റ്റത്തിൽ അധിഷ്‌ഠിതമായ എം.ഐ.യു.ഐ ഓപ്പറേറ്രിംഗ് സിസ്‌റ്റമാണ് മി മിക്‌സ് 3യെ നിയന്ത്രിക്കുന്നത്. ഫുൾ എച്ച്.ഡി ഒ.എൽ.ഇ.ഡി ഡിസ്‌പ്ളേയാണുള്ളത്. പിന്നിൽ ടെലിഫോട്ടോ ലെൻസോടു കൂടിയതാണ് ഡ്യുവൽ 12 മെഗാപിക്‌സൽ കാമറ. സോണി ഐ.എം.എക്‌സ് 363 സെൻസറോട് കൂടിയ വൈഡ് ആംഗിൾ ലെൻസും ഇതോടൊപ്പമുണ്ട്. ഡ്യുവൽ എൽ.ഇ.ഡി ഫ്ളാഷുമുണ്ട്. ബാറ്രറി 3,850 എം.എ.എച്ച്. ഡ്യുവൽ 4ജി വോൾട്ടീ സപ്പോർട്ടുള്ള ഫോണാണിത്.