kashmir-unrest

ശ്രീനഗർ: തീവ്രവാദികളുടെ ഭീഷണി നിലനിന്നിട്ടും തന്റെ മാതാപിതാക്കളെ സന്ദർശിക്കാനുള്ള അതിയായ ആഗ്രഹമാണ് ജമ്മു കാശ്‌മീർ പൊലീസ് ഇൻസ്‌പെക്‌ടർ ഇംതിയാസ് അഹമ്മദ് മിറിനെ വേഷം മാറി വീട്ടിലേക്കെത്താൻ പ്രേരിപ്പിച്ചത്. എന്നാൽ തീവ്രവാദികൾ ഒരുക്കിയ കെണിയിൽ പെട്ട് ജീവൻ നഷ്‌ടപ്പെടാനായിരുന്നു ഇംതിയാസിന്റെ വിധി. പുൽവാമ ജില്ലയിലെ വഹീബഗിൽ വച്ച് ഞായറാഴ്‌ചയാണ് ഇംതിയാസിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത്.

കാശ്‌മീർ പൊലീസിലെ സി.ഐ.ഡി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇംതിയാസിന് തീവ്രവാദികളുടെ ഭീഷണി മൂലം സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ അനുമതിയുണ്ടായിരുന്നില്ല. ഗ്രാമത്തിലേക്ക് പോയാൽ തീവ്രവാദികൾ ആക്രമിച്ചേക്കാമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഇംതിയാസിന്റെ മേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ തന്റെ മാതാപിതാക്കളെ കാണാൻ അതിയായ ആഗ്രഹത്തോടെയാണ് അദ്ദേഹം അങ്ങോട്ടേക്ക് പോയത്. തന്റെ താടിയും മുടിയും മുറിച്ച് വേഷപ്രച്ഛന്നനായി സ്വകാര്യ വാഹനത്തിലാണ് ഇംതിയാസ് ഗ്രാമത്തിലേക്ക് പോയത്. തീവ്രവാദികൾ തിരിച്ചറിയില്ലെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ വിധി മറിച്ചായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് വകുപ്പിൽ നിന്ന് വിമരിച്ച ഇംതിയാസിന്റെ പിതാവും മാതാവും ഗ്രാമത്തിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. 2010ൽ ജോലിയിൽ പ്രവേശിച്ച ഇംതിയാസ് കുറച്ച് നാളുകൾ കൊണ്ടുതന്നെ പൊലീസ് വകുപ്പിൽ നല്ല പേര് സമ്പാദിച്ചിരുന്നു. എന്നാൽ ഇംതിയാസ് തന്റെ ജോലിയിൽ നിന്ന് രാജിവച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് ചില തീവ്രവാദ ഗ്രൂപ്പുകൾ ആരോപിച്ചു. ഇംതിയാസിന്റെ മൃതദേഹം പൊലീസ് സുരക്ഷയോടെ കൊണ്ടുവന്നപ്പോൾ ജനക്കൂട്ടം കല്ലെറിയുകയും ചെയ്‌തു. ഗ്രാമത്തിലേക്ക് ഇംതിയാസ് വരുന്നത് എങ്ങനെ പുറത്തായെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.