ഝാൻസി: ഓഫീസിലെ മേശപ്പുറത്ത് ആറ് മാസം മാത്രം പ്രായമുള്ള കെെക്കുഞ്ഞിനെ വച്ച് ജോലി ചെയ്യുന്ന ഒരു പൊലീസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ജോലിക്കിടെയുള്ള ഇടവേളകളിൽ താരാട്ട് പാട്ടുമായി കുഞ്ഞിന്റെ അരികിൽ എത്തുന്ന ഝാൻസിയിലെ പൊലീസ് കോൺസ്റ്റബിൾ അർച്ചന ജയന്തിനെയാണ് സോഷ്യൽ മീഡിയ വാഴ്‌ത്തുന്നത്.
ആറ് മാസം പ്രായമുള്ള മകൾ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കിക്കിടത്തിയതിന് ശേഷം ജോലി ചെയ്യുന്ന അർച്ചനയെ കുറിച്ച് മദ്ധ്യപ്രദേശിലെ ചില പ്രാദേശിക മാദ്ധ്യമങ്ങളാണ് പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥനായ രാഹുൽ ശ്രീവാസ്തവ ചിത്രം ട്വീറ്റ് ചെയ്തതോടെ അർച്ചന സോഷ്യൽമീഡിയയിൽ താരമായി.
അവധി എടുക്കുവാൻ ആളുകൾ കാരണങ്ങൾ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അർച്ചന മറ്റുള്ളവർക്ക് മാതൃകയാണെന്നാണ് മദ്ധ്യപ്രദേശ് പൊലീസ് പറയുന്നു. വാർത്ത വൈറലായതോടെ ഈ അമ്മക്ക് തൊഴിലിടത്തിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്തെത്തുന്നുണ്ട്.