ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെങ്കിപ്പനി പടർത്തുന്ന കൊതുകാണെന്നും മോദിയെയും ബി.ജെ.പിയെയും അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് എം.എൽ.എയുടെ പ്രസ്‌താവന വിവാദത്തിൽ. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണീതിയാണ് വിവാദത്തിൽ ചാടിയത്. മഹാരാഷ്ട്രയിലെ ശോലാപൂരിൽ നിന്നുള്ള നിയമസഭാംഗമാണ് പ്രണീതി.
ശോലാപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഇവർ വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ രോഗത്തിലാഴ്‌ത്തുന്ന ഒരു തരം ഡെങ്കി കൊതുക് ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്, മോദി ബാബയെന്നാണ് അതിന്റെ പേര്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മോദിയെ പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിയായ ശരത് ബൻസോദേ മദ്യപാനിയാണെന്ന പ്രസ്‌താവനയും വിവാദത്തിലായിട്ടുണ്ട്. ദളിത് ആക്‌ടിവിസ്‌റ്റും എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനി നരേന്ദ്ര മോദിയെ വിശ്വാസ വഞ്ചകൻ എന്ന് വിളിച്ചതിന് പിന്നാലെയാണ് പ്രണീതിയുടെ പരാമർശം.