ടോക്കിയോ:ജപ്പാൻ ഇന്ത്യയുടെ ആത്മമിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, എപ്പോഴും ആശ്രയിക്കാവുന്ന ഉറ്റസുഹൃത്താണ് നരേന്ദ്രമോദിയെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പറഞ്ഞു.ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദി
ഷിൻസോ ആബെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്.ഈ സൗഹൃദത്തിലൂടെ തന്ത്രപ്രധാനമായ ഇന്തോ- പസഫിക മേഖലയിലെ വലിയ ശക്തിയായി ഇരുരാജ്യങ്ങളും മാറുമെന്നും ഇരുവരും പറഞ്ഞു. സൈനിക സഹകരണം,ആരോഗ്യം, കൃഷി, ദുരന്ത നിവാരണം,പരിസ്ഥിതി സംരക്ഷണം,ടൂറിസം മേഖലകളിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാനും ധാരണയായി. ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ ജപ്പാന്റെ സഹായവുമുണ്ടാകും. മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി,ഹൈസ്പീഡ് റെയിൽ,അടിസ്ഥാന വികസനം എന്നിവയ്ക്ക് ജപ്പാന്റെ സാങ്കേതിക സഹായം നൽകുമെന്ന് ആബെ പറഞ്ഞു.
ആബെയുടെ അവധിക്കാല വസതിയായ യാമാൻഷിയിലെ ലേക്ക് കവഗൂചിയിലായിൽ വച്ചായിരുന്നു ഇരുവരുടേയും
കൂടിക്കാഴ്ച.ഇതാദ്യമായാണ് ഒരു വിദേശ നേതാവ് കവഗൂചിയിലെത്തുന്നത്. അവിടെ ഉൗഷ്മളമായ വരവേല്പാണ് മോദിക്ക് ലഭിച്ചത്.
സ്ഫടികകല്ളിൽ തീർത്ത പാത്രവും പരവതാനിയും
സ്ഫടിക കല്ലിൽ തീർത്ത രാജസ്ഥാൻ നിർമ്മിത പാത്രങ്ങളും ഉത്തർപ്രദേശിൽ നിർമ്മിച്ച പരവതാനിയും ജോഥ്പൂരിൽ നിർമ്മിച്ച തടികൊണ്ടുള്ള പണപ്പെട്ടിയുമാണ് മോദി ആബെയ്ക്ക് സമ്മാനമായി നൽകിയത്. കൂടിക്കാഴ്ചയ്ക്ക് മുൻപ് ഇരുവരും എക്സ്പ്രസ് ട്രെയിനിൽ എട്ട് മണിക്കൂറോളം യാത്ര ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള റോബോർട്ട് ഫാക്ടറിയും മോദി സന്ദർശിച്ചു. തുടർന്ന് ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്തു.ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഇന്ത്യൻ സമൂഹം മോദിയെ സ്വാഗതം ചെയ്തത്. കാൽ തൊട്ട് തൊഴുതും അഭിവാദ്യം അർപ്പിച്ചുമാണ് പ്രധാനമന്ത്രിയെ അവർ വരവേറ്റത്. അദാനി ഉൾപ്പെടെഇന്ത്യൻ വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സുപ്രധാന കൂടിക്കാഴ്ചയിൽ മോദിയും ഷിൻസോ ആബെയും സൈനിക,സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.തുടർന്ന് ബിസിനസ്,വ്യവസായ പ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തും.