-saudi-arabia

റിയാദ്:സൗദി അറേബ്യയിൽ സംഗീതപരിപാടിക്കിടെ വേദിയിൽ ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച് ചുംബിച്ച സൗദി പൗരയായ യുവതിക്ക് തടവ് ശിക്ഷ. മക്കയിലെ കോടതിയാണ് യുവതിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. യുവതിയുടെ പേരോ വയസോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

തായിഫ് നഗരത്തിൽ കഴിഞ്ഞ ജൂലായിലാണ് കൗതുകകരമായ രംഗങ്ങൾ അരങ്ങേറിയത്. ഓകാസ് സൂസ് എന്നറിയപ്പെടുന്ന സൗദി ഉത്സവത്തിന്റെ ഭാഗമായി പ്രശസ്ത സൗദി ഇറാക്കി ഗായകൻ മജീദ് അൽ മൊഹൻദിസിന്റെ സംഗീത പരിപാടി നടക്കുകയായിരുന്നു. പെട്ടെന്നാണ് ഗാലറിയിൽ നിന്ന് പർദ്ദ ധരിച്ച ഒരു യുവതി വേദിയിലേക്ക് ഓടിക്കയറി മൊഹൻദിസിനെ ആലിംഗനം ചെയ്തത്. ഗായകൻ അമ്പരന്ന് നിൽക്കെ, ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ പിടിച്ചു മാറ്റി. തുടർന്ന് ഗാലറിക്ക് നേർക്ക് നടന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീതപരിപാടി തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.


അറബ് സംഗീതത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന മജീദ് അൽ മൊഹൻദിസിന് സൗദിയിൽ നിരവധി ആരാധകരുണ്ട്. യുവതിക്കെതിരെ സൗദിയിലെ പീഡന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തത്. ഈ നിയമ പ്രകാരം രണ്ട് വർഷം തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും വിധിക്കാവുന്ന കുറ്റമാണ്. സംഭവത്തിന് ശേഷം നാല് മാസത്തോളം വിചാരണത്തടവുകാരിയായി കഴിഞ്ഞതിനാൽ ഇനി യുവതിക്ക് ആറ് മാസം തടവ് ശിക്ഷ അനുഭവിച്ചാൽ മതി.


നേരിട്ട് ബന്ധമില്ലാത്ത പുരുഷൻമാർക്കൊപ്പം പൊതു വേദികളിലോ പരിപാടികളിലോ പങ്കെടുക്കാൻ സൗദി വനിതകൾക്ക് അവകാശം നൽകിയിട്ടില്ല. മദ്യ നിരോധനം, മാന്യമായ വസ്ത്രധാരണം, സ്ത്രീകൾക്ക് കർശനമായ നിയന്ത്രണങ്ങൾ എന്നിവയ്ക്ക് അമിതപ്രാധാന്യം കൽപ്പിക്കുന്ന രാജ്യമാണ് സൗദി. അടുത്ത കാലത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിയമങ്ങൾ ഉദാരവത്കരിച്ചതോടെ സൗദി വനിതകൾ സ്വാതന്ത്ര്യത്തിന്റെ ലോകം കാണാൻ തുടങ്ങിയിരിക്കെയാണ് യുവതി ഗായകനെ കെട്ടിപ്പിടിക്കുന്ന സാഹസത്തിന് മുതിർന്നത്. എന്നാൽ ഫുട്ബാൾ കാണാനും പൊതു പരിപാടികളിൽ പങ്കെടുക്കാനും ഡ്രൈവിംഗിനും സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയിട്ടുണ്ട്.