lion-air

ജക്കാർത്ത: ഇന്തോനേഷ്യയിൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണു. 188 യാത്രക്കാരുമായി തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് മിനിട്ടുകൾക്കകം തകർന്ന് വീണത്. വിമാനം തകർന്ന കാര്യം ഇന്തോനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. യാത്രക്കാർ ആരും തന്നെ രക്ഷപ്പെട്ടതായി വിവരമില്ല.

രാവിലെ 6.33ന് ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലയൺ എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം 13 മിനിട്ടിന് ശേഷം എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

7.20ന് ബംഗ്കാ- ബെലിതംഗിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. തകരുന്നതിന് മുന്പ് പൈലറ്റ് അപായസൂചനയൊന്നും നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. വിമാനം തകരാനുണ്ടായ കാരണവും അറിവായിട്ടില്ല.