തുറവൂർ: ഏകയായി താമസിച്ചിരുന്ന വൃദ്ധ, വീട്ടുമുറ്റത്ത് ചിതയ്ക്കു സമമായി ഇഷ്ടിക നിരത്തി പഴയ ജനൽപാളി വച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ചാടി ജീവനൊടുക്കി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുത്തിയതോട് മാളികത്തറ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ മകനുമായി അകന്ന് രണ്ട് വർഷമായി ഒറ്റയ്ക്കു താമസിക്കുയായിരുന്നു ലീല. വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തിൽ അടുക്കി അതിനു മുകളിൽ മൂന്ന് പാളിയുള്ള തെങ്ങിൻ നിർമ്മിത ജനൽ വച്ച് ഉള്ളിൽ വിറകും മറ്റും ഇട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാടുകയായിരുന്നു. തീ ഉയരുന്നതു കണ്ട് ഓടിയെത്തിയെത്തിയ അയൽവാസികൾ ആദ്യം അന്വേഷിച്ചത് ലീലയെയാണ്. വീട്ടിലില്ലെന്ന് തോന്നിയതോടെ തീ കെടുത്തിയപ്പോഴാണ് ലീലയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികൾ കണ്ടെടുത്തു.
പൊലീസ് സർജന്റെ മേൽനോട്ടത്തിൽ ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കൾ: സാലി, സദു. മരുമക്കൾ: സജി, രാജി