ടോക്യോ: ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി എല്ലാ അർത്ഥത്തിലും ആഗോള ബ്രാൻഡായി മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ നിർമാണ മേഖലയെ, പ്രത്യേകിച്ച് മൊബൈൽ ഫോൺ മേഖലയ്ക്ക് മേക്ക് ഇൻ ഇന്ത്യ വലിയൊരു ഉണർവാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ സന്ദർശനത്തിനെത്തിയ മോദി അവിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ ആവശ്യമായ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഇന്ത്യ നിർമിക്കുന്നുണ്ട്. ഇലക്ട്രോണിക്സിന്റേയും ഓട്ടോമൊബൈൽ നിർമാണ മേഖലയിലും ഇന്ത്യ ആഗോള ഹബ്ബായി കഴിഞ്ഞു. മൊബൈൽ ഫോൺ നിർമാണ രംഗത്ത് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് ഇന്ത്യ - മോദി പറഞ്ഞു.
വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. മാനവരാശിക്ക് വേണ്ടി ഇന്ത്യ നടത്തുന്ന സേവനങ്ങളെ ലോകം അഭിനന്ദിക്കുകയാണ്. ശാസ്ത്ര മേഖലയ്ക്ക് ഊന്നൽ നൽകുന്ന ഇന്ത്യ, 2022 ആകുന്പോഴേക്കും ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും. കഴിഞ്ഞ വർഷം നൂറ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് ഇന്ത്യ റെക്കാഡിട്ടിരുന്നു. കുറഞ്ഞ ചെലവിലാണ് മംഗൾയാനും ചന്ദ്രയാനും ഇന്ത്യ യാഥാർത്ഥ്യമാക്കിയത്. 2022ൽ ഗഗൻയാൻ പദ്ധതി പൂർത്തിയാകുമെന്നും മോദി പറഞ്ഞു.
ഇന്ത്യാക്കാർ ലോകത്ത് പ്രകാശം പരത്തുന്നവരെന്ന് മോദി
ദീപാവലി ദീപങ്ങളെ പോലെ ലോകത്തിന്റെ ഏത് കോണിലും പ്രകാശം പരത്തുന്നവരാണ് ഇന്ത്യാക്കാരെന്നും മോദി പറഞ്ഞു. ദീപാവലിക്ക് പ്രകാശം എങ്ങനെ ഇരുട്ടിനെ അകറ്റുന്നുവോ അതുപോലെയാണ് ഇന്ത്യാക്കാർ ലോകത്തിന്റെ ഏത് കോണിലും ജപ്പാനിലും പ്രകാശം പരത്തുന്നത്. ഇന്ത്യയുടെ അഭിമാനത്തെ ഉയർത്തുകയാണ് അവർ ചെയ്യുന്നത്.