puthuvaip-protest

കൊച്ചി: പള്ളി സ്ഥലം റവന്യു വകുപ്പ് ഏറ്രെടുത്ത നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. കൊച്ചി പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിശ്വാസ കേന്ദ്രവും ഇതിനോട് ചേർന്നുള്ള 25 സെന്റ് സ്ഥലവുമാണ് റവന്യു വകുപ്പ് കഴിഞ്ഞ ദിവസം ഏറ്റെടുത്തത്. എന്നാൽ പള്ളി കോമ്പൗണ്ടിൽ നിന്നും മാറിയുള്ള പുറംമ്പോക്കായത് കൊണ്ടാണ് സ്ഥലം ഏറ്റെടുത്തതെന്ന് റവന്യുവകുപ്പ് അധികൃതർ അറിയിച്ചു.

വർഷങ്ങളായി പള്ളിയുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയാണ് സർക്കാർ ഏറ്രെടുത്തത്. അതേസമയം, പുതുവൈപ്പ് എൽ.പി.ജി സമരത്തിന്റെ കേന്ദ്രമായതിന്റെ പേരിലാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഒരു മുന്നറിയിപ്പുമില്ലാതെയാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്നും പ്രതിഷേധക്കാർ അറിയിച്ചു.

എന്നാൽ പുറമ്പോക്ക് ഭൂമി നോട്ടീസ് നൽകിയ ശേഷമാണ് ഏറ്റെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം.ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിശ്വാസികളുടെ തീരുമാനം.