fire

തിരുവനന്തപുരം: പ്രഭാഷകനും ആത്മീയാചാര്യനുമായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാളഗ്രാമം ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിച്ചത്. പെട്രോളൊഴിച്ച് തന്നെയാണ് തീയിട്ടതെന്ന് നേരത്തെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.അതിനിടെ,​ സന്ദീപാനന്ദ ഗിരിയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഗൺമാനേയും അനുവദിച്ചു.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലേതുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിനുപയോഗിച്ചത് പെട്രോളാണെന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പുകളിലേക്ക് അന്വേഷണം നീണ്ടത്. മറ്റ് സ്‌ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യമൊന്നും സ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരോ സംശയിക്കത്തക്ക സാഹചര്യങ്ങളുള്ളവരോ ഇന്ധനം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനാണ് നീക്കം. അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡി.സി.പി ആദിത്യ ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും ആശ്രമത്തിലെത്തും. സ്വാമി സന്ദീപാനന്ദ ഗിരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും അക്രമത്തിന് പിന്നിലുള്ള മറ്റ് സാഹചര്യങ്ങൾ വിലയിരുത്തുകയുമാണ് ലക്ഷ്യം. അന്വേഷണ നടപടികൾക്കായി രാവിലെ ആശ്രമത്തിലെത്താനായിരുന്നു പൊലീസിന്റെ തീരുമാനമെങ്കിലും സന്ദീപാനന്ദയുടെ അസൗകര്യം കണക്കിലെടുത്താണ് പൊലീസ് ഉച്ചകഴിഞ്ഞ് ആശ്രമത്തിലെത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ട് ദിവസം നീണ്ട അന്വേഷണത്തിലും സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങളിൽനിന്നോ നാട്ടുകാരുടെ മൊഴികളിൽ നിന്നോ യാതൊരു സൂചനയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.ആശ്രമത്തിൽ നിന്ന് രണ്ടര കിലോമീറ്റർ വരെയുള്ള റോഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഈ ഭാഗത്തെ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ സന്ദേശങ്ങളും ഫോൺകാളുകളും പരിശോധിച്ചുവരികയാണ്. പ്രധാന റോഡിൽ നിന്ന് ആശ്രമത്തിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചന ലഭിച്ചില്ല.ആശ്രമവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
25പേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും ഇതുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചിരുന്നു.ശനിയാഴ്ച പുലർച്ചെ 2.30 നായിരുന്നു കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിലെ രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ചത്.