ശബരിമല: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിലും സംഘർഷത്തിലും ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. 12 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്ന് പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോയടങ്ങിയ ആൽബം പൊലീസ് പുറത്ത് വിട്ടിരുന്നു.
മാദ്ധ്യമ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവരുൾപ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്‌ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാൻഡിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആർ.ടി.സി ബസുകൾ, മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ എന്നിവ തകർത്തതിനു 3മുതൽ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.