ന്യൂഡൽഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് പി.കെ ദാസ്, വർക്കല എസ്.ആർ.സി, വയനാട് ഡി.എം, തൊടുപുഴ അൽഅസർ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അപ്പീലിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നടപടി.
ഒരു മെഡിക്കൽ കോളേജിന് പ്രവർത്തിയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളിൽ ഹൈക്കോടതി പ്രവേശനം അനുവദിച്ചിരുന്നു. വിദ്യാർത്ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഇതാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതി മെഡിക്കൽ കോളേജ് കൗൺസിൽ റിപ്പോർട്ടിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിക്കാത്തത് കൊണ്ടാണ് പ്രവേശനാനുമതി നിഷേധിച്ചതെന്നാണ് മെഡിക്കൽ കൗൺസിലിന്റെ വാദം. ഇതിനെ തുടർന്ന് പ്രവേശനം അനുവദിച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.