randamoozham

കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ നൽകില്ലെന്ന തീരുമാനത്തിൽ തിരക്കഥാകൃത്ത് എം.ടി.വാസുദേവൻ നായർ ഉറച്ചു തന്നെയെന്ന് സൂചന. എം.ടിയെ അനുനയിപ്പിക്കാനുള്ള സംവിധായകൻ ശ്രീകുമാർ മേനോന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. ശ്രീകുമാർ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എം.ടി.യുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിവരാമകൃഷ്‌ണൻ വ്യക്തമാക്കി.

'രണ്ടാമൂഴം സിനിമയാക്കുകയെന്നത് എം.ടിയുടെ ജീവിതാഭിലാഷമാണ്. എന്നാൽ ശ്രീകുമാർ മേനോനിലുള്ള വിശ്വാസം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടു കഴിഞ്ഞു. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോൾ വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാർ മേനോൻ മറുപടി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കേസിനു പോയത്'. എന്നാൽ രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള ശ്രമങ്ങളുമായി എം.ടി മുന്നോട്ടു പോകുമെന്നും ശിവരാമകൃഷ്‌ണൻ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്‌ടോബർ 11നാണ് ശ്രീകുമാർ മേനോനുമായുള്ള കരാറിൽ നിന്ന് എം.ടി പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ വന്നത്. ഇത് സ്ഥിരീകരിച്ചു കൊണ്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി കേസും ഫയൽ ചെയ്‌തിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്‌തു.