saradakutty

ആചാരങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഇപ്പോൾ ഉയർന്ന് വരുന്ന സംവാദങ്ങളെ പിന്തുണച്ച് ശാരദക്കുട്ടി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടക്കം മുതൽ അനുകൂലിക്കുന്ന ശാരദക്കുട്ടി ഇതിന്റെ പേരിലുള്ള സംവാദത്തെ ആന്തരികമായ പുനർ നിർമ്മാണത്തിനോടാണ് ഉപമിക്കുന്നത്. കേരളം അതിജീവിച്ച പ്രളയത്തിൽ അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളെയാണ് ഇത് വഴി തുടച്ച് നീക്കുവാൻ നാം ശ്രമിക്കേണ്ടതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഒരു കാലത്ത് അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന വിളിപ്പേരുണ്ടായിരുന്ന കേരളത്തിൽ അത്തരം അനാചാരങ്ങൾ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാണ് പ്രളയത്തിലൂടെ പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയതെന്നും ശാരദക്കുട്ടി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്.
_____________________________________

സത്യത്തിൽ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനർനിർമ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നൽകിയ വലുതായ ഊർജ്ജമാണ് നാമിപ്പോൾ ആന്തരിക ശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തി പുരോഗമനേച്ഛുവും ആയിരിക്കുമ്പോൾ അവിടെ സംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. എത്ര സത്യം.

പ്രളയത്തിൽ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോൾ തുടച്ചു നീക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

"വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശ്വൈകനാഥനുടെ കളിപ്പുരയെന്ന പോലെ"

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തിൽ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാം ഉണർന്നു. ജാഗരൂകരായി.. യഥാർഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.
ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയിൽ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവർ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘർഷങ്ങൾ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീർന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പിൽക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോൾ കാണുന്നത്.

ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാൻ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളിൽ നിന്നുണ്ടാവുക തന്നെ ചെയ്യും.
പാരമ്പര്യത്തിന്റെയല്ല, പരിവർത്തനത്തിന്റെ പരുന്താണ് ഇപ്പോൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കൾ നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെടാറില്ല.

' ഈ രാജ്യം മനുഷ്യരുടേതാണ്. ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതൽ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യ ലോകത്തിലെ സങ്കൽപദേവതകളുടെ പ്രീതിക്കായി ദുർവ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയർത്തുവാൻ ഇവിടുത്തെ ധനശക്തിയും പ്രവർത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം'' (വി.ടി.ഭട്ടതിരിപ്പാട്)

എസ്.ശാരദക്കുട്ടി
29.10.2018