ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ ഉടമ വിഷൈ ശ്രീവദനപ്രഭ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. ശ്രീവദനപ്രഭയുടെ ഭാര്യയടക്കം ഹെലികോപ്‌ടറിലുണ്ടായിരുന്ന നാല് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ക്ളബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിന് സമീപത്തെ കാർപാർക്കിംഗിൽ ആയിരുന്നു ഹെലിക്കോപ്ടർ തകർന്ന് വീണത്. ലെസ്റ്റർസിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർലീഗ് മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്.
എ.ഡബ്ല്യു 169 വിഭാഗത്തിലുള്ള ഹെലികോപ്‌ടറാണ് തകർന്നു വീണത്. ഇംഗ്ലണ്ടിലെ ആഭ്യന്തര യാത്രയ്‌ക്ക് മാത്രമായി വിഷൈ ഉപയോഗിക്കുന്ന വാഹനമാണിത്. എട്ട് വർഷം മുൻപാണ് അദ്ദേഹം ഇത് വാങ്ങിയത്.സ്വന്തം ഉടമസ്ഥതയിലുള്ള കിംഗ് പവർ സ്റ്റേഡിയത്തിൽ നടക്കാറുള്ള എല്ലാ മാച്ചും കാണാൻ വിഷൈ എത്താറുണ്ട്. മത്സരത്തിന് ശേഷം സ്റ്രേഡിയത്തിന്റെ സെന്റർ സർക്കിളിൽ പറന്നിറങ്ങുന്ന ഹെലിക്കോപ്ടറിലാണ് സാധാരണ അദ്ദേഹം മടങ്ങാറുള്ളത്. പതിവ് പോലെ ഇന്നലെയും വിഷൈ ഹെലിക്കോപ്ടറിൽ മടങ്ങുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് ചില ടെലിവിഷൻ ചാനലുകൾ സംപ്രേഷണം പോലും അവസാനിപ്പിച്ചത്.
ഉടമയെന്ന നിലയിലും ക്ലബ്ബ് ചെയർമാനെന്നുള്ള നിലയിലും താരങ്ങൾക്കും ആരാധകർക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു വിഷൈയുടേത്. അപകടം നടന്നുടൻ സംഭവസ്ഥലത്തേക്ക് നിരവധി ആളുകൾ ഓടിയെത്തിയെങ്കിലും എല്ലാവരും നിസ്സഹായരായിരുന്നു.
ലെസ്റ്റർ സിറ്റി ആരാധകർ ആയിരക്കണക്കിന് ബൊക്കെകളും പൂക്കളുമാണ് അദ്ദേഹത്തിനായി സമർപ്പിച്ചുകൊണ്ടിരിക്കുന്നത്.