ജക്കാർത്ത: 189 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ജാവ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാപ്ടൻ ഡൽഹി സ്വദേശിയായ ഭവ്യെ സുനേജ (31) ആയിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് പറന്നുയർന്ന് മിനിട്ടുകൾക്കകം തകർന്ന് വീണത്. രാവിലെ 6.33ന് ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലയൺ എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം 13 മിനിട്ടിന് ശേഷം എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.
മയൂർ വിഹാർ സ്വദേശിയായ സുനേജ 2011ലാണ് ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസായ ലയൺ എയറിൽ ചേർന്നത്. ബോയിംഗ് 737 വിമാനങ്ങളായിരുന്നു സുനേജ പറത്തിവന്നത്. ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങി വരാനിരിക്കെയാണ് വിമാനപകടത്തിന്റെ രൂപത്തിൽ വിധി സുനേജയെ കവർന്നെടുത്തത്.
മികച്ചൊരു ക്യാപ്ടനായിരുന്നു സുനേജയെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. സുനേജ പറത്തിയ വിമാനങ്ങൾക്ക് മുമ്പൊരിക്കലും അപകടം പോലും ഉണ്ടായിട്ടില്ല. ഡൽഹിയിലേക്ക് തനിക്ക് ജോലി മാറ്റിത്തരണമെന്ന് സുനേജ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ലയൺ എയറിന്റെ പൈലറ്റുമാരിൽ ഭൂരിഭാഗം പേരും ഉത്തരേന്ത്യക്കാരായിരുന്നു. അതിനാൽ തന്നെ നാല് വർഷം പൂർത്തിയാക്കിയാൽ ഡൽഹിയിലേക്ക് പോസ്റ്റിംഗ് നൽകുന്നത് പരിഗണിക്കാനിരിക്കുകയായിരുന്നു കമ്പനി. ഇന്ത്യൻ എ.ടി.പി.എൽ (കമാൻഡേഴ്സ് ലൈസൻസ്) ലഭിക്കുന്നതിന് കമ്പനിയുടെ പിന്തുണ തേടിയിരുന്നു.
2009ൽ ബെൽ എയർ ഇന്റർനാഷണലിൽ നിന്നാണ് സുനേജ പൈലറ്റ് ലൈസൻസ് നേടിയത്. 2010ൽ എമിറേറ്റ്സിൽ ട്രെയിനി പൈലറ്റായി ചേർന്നു. നാല് മാസത്തിന് ശേഷം 2011ൽ ലയൺ എയറിൽ ജോലിക്ക് കയറി.