കണ്ണൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ രംഗത്ത്. ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണ് അമിത് ഷായെന്ന് സുധാകരൻ പറഞ്ഞു. കോടതിയെയോ ജനാധിപത്യത്തെയോ ബഹുമാനമില്ലാത്തയാളാണ് അമിത് ഷാ. സർക്കാരിനെ താഴെയിടാൻ തടി മാത്രം പോരാ മനോബലം കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.
ഒരു രാഷ്ട്രീയ പാർട്ടികൾക്കും ക്ഷേത്രനടയിൽ നിന്ന് രഥയാത്ര നടത്താനുള്ള അനുവാദമില്ല. പ്രസ്താവന പിൻവലിച്ച് അമിത് ഷാ മാപ്പ് പറയണമെന്നും സുധാകരൻ പറഞ്ഞു. ബ്രാഹ്മണ മേധാവിത്വത്തിന്റെ അവസാനത്തിന്റെ ആരംഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ അയ്യപ്പ ഭക്തരെ അടിച്ചമർത്തുകയാണെന്നും അതിക്രമം തുടർന്നാൽ സർക്കാരിനെ വിലിച്ച് താഴെയിടാൻ മടിക്കില്ലെന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോൾ പറഞ്ഞത്. അതേസമയം, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ വാക്കുകേട്ട് സംഘപരിവാർ സംഘടനകൾ ആവേശം കയറി സംസ്ഥാനത്തിറങ്ങി കളിക്കാൻ നോക്കിയാൽ, അതു മോശം കളിയായിപ്പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.