breast-feeding

ചെറുചൂടോടെ സദാ ലഭ്യമാകുന്ന മുലപ്പാൽ കുഞ്ഞിന് വിശക്കുമ്പോഴെല്ലാം കൊടുത്തേ തീരൂ. പ്രത്യേക കരുതലോ പണച്ചെലവോ കൂടാതെ സൂക്ഷിക്കാവുന്ന അടിസ്ഥാനാഹാരത്തിന്റെ ഒരു കരുതൽ ശേഖരം കൂടിയാണിത്. ശിശുവിന്റെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും മുലയൂട്ടൽ അനിവാര്യമാണ്.

കുഞ്ഞിന് ആവശ്യം പോലെ പാലൂട്ടുന്നതാണ് നല്ലത്. രാത്രിയിലും പാൽ കൊടുക്കാം. തേൻ, ഗ്ലൂക്കോസ്, തിളപ്പിച്ചാറ്റിയ വെള്ളം, വിറ്റാമിൻ തുള്ളികൾ തുടങ്ങിയവയൊന്നും കൊടുക്കേണ്ടതില്ല. മുലക്കണ്ണിന് തകരാറുള്ളവർ പാൽ പിഴിഞ്ഞെടുത്ത് കുഞ്ഞിന് കോരിക്കൊടുക്കണം. സുഖ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടൽ തുടങ്ങണം. സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് നാലു മണിക്കൂറിനകം മുലപ്പാൽ കൊടുക്കണം. പശു, ആട് എന്നീ മൃഗങ്ങളുടെ പാലും പാൽപ്പൊടികളും കുഞ്ഞിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അമ്മയുടെ മുലപ്പാൽ മാത്രം മതി. ഇരുപത്തിനാല് മണിക്കൂറും കുഞ്ഞ് അമ്മയുടെ ചൂടേറ്റുകിടക്കുന്നതാണ് ഉത്തമം.