ship
കൊച്ചി കപ്പൽശാലയിൽ അടുത്ത ഒരു കപ്പൽ (ഫയൽ ചിത്രം)

 നിർമ്മാണോദ്‌ഘാടനം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ നിർവഹിക്കും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ഡ്രൈ ഡോക്കിന്റെ നിർമ്മാണോദ്ഘാടനം (ഗ്രൗണ്ട് ബ്രേക്കിംഗ്) ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് നിർവഹിക്കും. 1,799 കോടി രൂപ നിർമ്മാണച്ചെലവുള്ള ഈ ഡ്രൈ ഡോക്ക് രാജ്യത്തെ ഏറ്റവും വലുതായിരിക്കും.

വിമാനവാഹിനി (എയർക്രാഫ്‌റ്ര്) കപ്പലുകളും എൽ.എൻ.ജി വെസലുകളും ഡ്രെഡ്‌ജറുകളും ഉൾപ്പെടെ വമ്പൻ കപ്പലുകൾ നിർമ്മിക്കാനും അറ്റകുറ്റപ്പണി നടത്താനുമായി നിർമ്മിക്കുന്ന പുതിയ ഡ്രൈ ഡോക്കിൽ മൊത്തം 2,000ത്തോളം പേർക്ക് തൊഴിൽ ലഭിക്കും. 310 നീളവും 75 മീറ്രർ വീതിയും 13 മീറ്രർ ആഴവുമുള്ള ഡ്രൈ ഡോക്കാണിത്. നീളവും വീതിയുമേറിയ കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും പുതിയ ഡ്രൈ ഡോക്കിൽ സാദ്ധ്യമാകും. കൊച്ചി കപ്പൽശാലയിലെ നിലവിലെ രണ്ടു ഡ്രൈ ഡോക്കുകൾക്ക് യഥാക്രമം 270 മീറ്രറും 225 മീറ്ററുമാണ് നീളം. വീതി 43 മീറ്രർ മുതൽ 45 മീറ്രർ വരെയും.

നിർമ്മാണം പൂർത്തിയാകുമ്പോൾ പുതിയ ഡ്രൈ ഡോക്കിൽ 70,000 ടൺ വരെ ഭാരമുള്ള വിമാനവാഹിനി കപ്പലുകളെയും 55,000 ടൺ വരെ ഭാരമുള്ള ടാങ്കർ, മർച്ചന്റ് വെസലുകൾ എന്നിവയെയും കൈകാര്യം ചെയ്യാനാകും. ലാർസൻ ആൻഡ് ടൂബ്രോയ്‌ക്കാണ് (എൽ ആൻഡ് ടി) ഡ്രൈ ഡോക്കിന്റെ നിർമ്മാണച്ചുമതല. 2021 മേയിൽ നിർമ്മാണം പൂർത്തിയാകും. ആൻഡമാൻ നിക്കോബാർ അഡ്‌മിനിസ്‌ട്രേഷന് വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിച്ച വെസലുകളുടെ ലോഞ്ചിംഗും ഇന്നു നടക്കും.

2%

നിലവിൽ ആഗോള കപ്പൽ നിർമ്മാണ വ്യവസായത്തിൽ 0.4 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. കൊച്ചി കപ്പൽശാലയിലെ പുതിയ ഡ്രൈ ഡോക്ക് സജ്ജമാകുന്നതോടെ ഇത് രണ്ടു ശതമാനമായി ഉയരും.

നിർമ്മാണച്ചെലവ്

₹1,799 കോടി

മൊത്തം 2,769 കോടി രൂപയുടെ രണ്ടു വികസന പദ്ധതികളാണ് മിനിരത്ന സ്ഥാപനമായ കൊച്ചി കപ്പൽശാലയിൽ നടക്കുന്നത്. ഇതിൽ, 970 കോടി രൂപ ചെലവഴിച്ച് കൊച്ചി തുറമുഖ ട്രസ്‌റ്രിന് കീഴിലുള്ള വെല്ലിംഗ്‌ടൺ ഐലൻഡിൽ നിർമ്മിക്കുന്ന അന്താരാഷ്‌ട്ര കപ്പൽ അറ്രകുറ്റപ്പണിശാലയുടെ നിർമ്മാണം 2019 ഒക്‌ടോബറിൽ പൂർത്തിയാകും. മൊത്തം 4,000ത്തോളം പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. 1,799 കോടി രൂപയാണ് പുതിയ ഡ്രൈ ഡോക്കിന്റെ നിർമ്മാണച്ചെലവ്.

പണം കണ്ടെത്തൽ

ഓഹരി വില്‌പനയിലൂടെ

2017ൽ ആഗസ്‌റ്രിൽ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) നടത്തിയാണ് പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്റപ്പണിശാല എന്നിവയ്‌ക്കായുള്ള നിർമ്മാണച്ചെലവിന്റെ മുഖ്യപങ്ക് കൊച്ചി കപ്പൽശാല കണ്ടെത്തിയത്. ഐ.പി.ഒയിലൂടെ സമാഹരിച്ചത് 1,500 കോടിയോളം രൂപയാണ്.

കൊച്ചി മാരിടൈം ഹബ്ബാകും

'' പുതിയ ഡ്രൈ ഡോക്കും അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്രപ്പണി ശാലയും സജ്ജമാകുന്നതോടെ കൊച്ചി ഇന്ത്യയുടെ മാരിടൈം ഹബ്ബായി മാറും. കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി രംഗത്ത് പുത്തൻ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാനും യുവാക്കളുടെ തൊഴിൽ വൈദഗ്ദ്ധ്യം ഉറപ്പാക്കാനും പുതിയ പദ്ധതികൾക്ക് കഴിയും"",

മധു എസ്. നായർ,

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ, കൊച്ചി കപ്പൽശാല