കൊച്ചി: ശബരിമലയിൽ എത്തുന്ന എല്ലാ വിശ്വാസികൾക്കും മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിശ്വാസികൾക്ക് പ്രവേശനം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്നും അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വനിതാ അഭിഭാഷകരുടെ ഹർജി തീർപ്പാക്കിക്കാണ്ടാണ് ഹൈക്കോടതിയുടെ നിർദ്ദേശം.ശബരിമല മതേരത്വത്തിന്റെ പ്രതീകമാണ്. അതിനാൽ ശബരിമലയിൽ എത്തുന്നവർക്ക് സുരക്ഷ നൽകേണ്ട ബാദ്ധ്യത സംസ്ഥാന സർക്കാരിനാണ്. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ചു കൊണ്ടുവേണം സുരക്ഷാ നടപടികൾ സ്വീകരിക്കാനെന്നും കോടതി പറഞ്ഞു. പാരമ്പര്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തൻ വന്നാലും സംരക്ഷണം നൽകണം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിൽ പോകാം. പതിനെട്ടാം പടി കയറുമ്പോഴാണ് ഇരുമുടിക്കെട്ട് നിർബന്ധമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ശബരിമലയിൽ ക്രിമിനലുകൾ എത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുലമാസ പൂജയ്ക്ക് നട തുറന്നപ്പോൾ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ഈ ക്രിമിനലുകളാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി. സ്ത്രീയായാലും പുരുഷനായാലും അവർ യഥാർത്ഥ വിശ്വാസിയാണെങ്കിൽ സംരക്ഷണം ഒരുക്കും. പൊലീസ് സംരക്ഷണം തേടുന്നവർ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ശബരിമല സന്ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഉത്തരവ് ഇറക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. അവർ സുരക്ഷയ്ക്കായി പൊലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്. അതു കൊണ്ട് ഇപ്പോൾ ഉത്തരവ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.