sabarimala

1. ഇരുമുടിക്കെട്ട് ഇല്ലാതെ ശബരിമലയിൽ പോകാം എന്ന് ഹൈക്കോടതി. പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടി കെട്ട്. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടത്. പരാമർശം, അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട്.


2. അതിനിടെ, ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. 529 കേസുകളിലായി ഇന്നലെ വരെ അറസ്റ്റിലായത് 3505 പേർ. 12 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.


3. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടി പൊലിസ് പുറത്തുവിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആൽബം പൊലീസ് പുറത്തു വിട്ടിരുന്നു. പ്രാർത്ഥനാ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്ക് എതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. അക്രമത്തിൽ നേരിട്ട് പങ്കാളികൾ ആയവരെ മാത്രം അറസ്റ്റ് ചെയ്താൽ മതി എന്നും നിർദ്ദേശം.


4. മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാനത്തെ 4 സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി. പാലക്കാട് പി.കെ ദാസ്, വയനാട് ഡി.എം, തൊടുപുഴ അൽ അസ്ഹർ, വർക്കല എസ്.ആർ എന്നീ കോളേജുകളിൽ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. 550 സീറ്റുകളിലെ പ്രവേശനം ആണ് സുപ്രീംകോടതി റദ്ദാക്കിയത്. നടപടി, കോളേജുകളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അപ്പീലിൽ.


5. 550 വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിധിയാണ് കോടതിയുടേത്. വാദം കേൾക്കുന്ന സമയത്ത് തന്നെ പ്രവേശനം നേടിയ കുട്ടികൾ പുറത്തു പോകേണ്ടി വരും എന്ന പരാമർശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ കോളേജുകൾ പ്രവേശനം നടത്തുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ 4 കോളേജുകളിലേക്കും ഉള്ള പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാട് ഉണ്ടാകണം എന്നാണ് സംസ്ഥാന സർക്കാരും കോളേജ് മാനേജ്‌മെന്റുകളും കോടതിയിൽ വാദിച്ചത്. റിവ്യൂ സാധ്യത പരിശോധിക്കും എന്ന് അൽ അസ്ഹർ.


6. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ആശ്രമവും വാഹനവും കത്തിച്ചത് പെട്രോൾ ഉപയോഗിച്ചെന്ന് ഫോറൻസിക് റിപ്പോർട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ വർധിപ്പിച്ചു. സുരക്ഷയ്ക്കായി ഒരു ഗൺമാനെ നിയമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപാനന്ദ ഗിരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.


7. എന്നാൽ അക്രമം നടന്ന്, 48 മണിക്കൂർ പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പൊലീസ്. പ്രതികളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. സമീപവാസികളുടെ മൊഴികളിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളില്ല. ആശ്രമത്തിന് രണ്ടര കിലോമീറ്റർ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ ആണ് പൊലീസ് തീരുമാനം. വളരെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതി ആണ് ആശ്രമ ആക്രമണം എന്നാണ് പൊലീസ് വിലയിരുത്തൽ.


8. ഭരണ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ വെടിവയ്പ്പിനിടെ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. സംഭവം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ മന്ത്രിസഭയിലെ, പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗ ഓഫീസിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ സുരക്ഷാ സേന വെടിവയ്ക്കുക ആയിരുന്നു. പ്രതിഷേധക്കാർ തന്നെ വധിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ സേന അത് തടയുക ആയിരുന്നു എന്ന് രണതുംഗ.


9. സുരക്ഷാ സേനയുടെ വെടികൊണ്ട 34 കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്. സംഭവത്തിൽ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


10. ഇന്തോനേഷ്യൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്നു വീണു. അപകടത്തിൽ പെട്ടത്, 188 യാത്രക്കാരുമായി തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ എയർ വിമാനം. അപകട വാർത്ത സ്ഥിരീകരിച്ച്, ഇന്തോനേഷ്യൻ രക്ഷാപ്രവർത്തക ഏജൻസി. യാത്രക്കാർ ആരും രക്ഷപ്പെട്ടതായി വിവരമില്ല. രാവിലെ 6.33ന് ജക്കാർത്ത വിമാന താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം13 മിനിട്ടുകൾക്ക് ശേഷം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയും ആയിരുന്നു.