തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തെ തള്ളി രാഹുൽ ഈശ്വർ. ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചനയാണെന്നും ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും രാഹുൽ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. '15 വർഷം മുമ്പ് നടന്നെന്ന് പറഞ്ഞാണ് ഇപ്പോൾ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. എങ്ങനെയാണ് ഒരു പുരുഷന് ഇതങ്ങനെയല്ലെന്ന് തെളിയിക്കാൻ കഴിയുക. നാളെ നമ്മുടെ വീട്ടിലെ അച്ഛനോ, സഹോദരനോ ഒക്കെ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വന്നേക്കാം' -രാഹുൽ പറഞ്ഞു.
ഇതെല്ലാം മീ ടൂവിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും, എതിരാളികളെ തകർക്കാൻ ഇത്തരം കള്ള ആരോപണങ്ങൾ രാഷ്‌ട്രീയപരമായി ഉപയോഗിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളോടൊപ്പം നാളെ പത്രക്കുറിപ്പ് ഇറക്കുന്നുണ്ടെന്നും, ശബരിമലയ്‌ക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിൽ തീവ്ര ഫെമിനിസ്‌റ്റുകളാണെന്നും രാഹുൽ ആരോപിച്ചു.