കേരള സന്ദർശനത്തിനെത്തിയ അമിത് ഷായുടെ വാക്കുകൾ തീർച്ചയായും നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. വിശ്വാസികളുടെ അവകാശങ്ങളെ സർക്കാർ ഹനിച്ചാൽ സംസ്ഥാന സർക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് അമിത് ഷാ കണ്ണൂരിൽ പ്രസംഗിച്ചത്. എന്നാൽ ഈ വാക്കുകളെ ജനാധിപത്യത്തിന് എതിരാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പ്രതിരോധിച്ചത്. എന്നാൽ അമിത് ഷാ വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്ന് തന്നെയാണ് അതിനർത്ഥമെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.കസേരയിൽ നിന്നല്ല പകരം അധികാരത്തിൽ നിന്നും താഴെ ഇറക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. തിപുരയിൽ ഇത് സാദ്ധ്യമെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ലെന്നും കാരണം അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ലെന്നും കെ.സുരേന്ദ്രൻ കുറിക്കുന്നു. വെപ്രാളപ്പെടാതെ അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കാനാണ് പിണറായി വിജയൻ തയ്യാറാവേണ്ടതെന്നും കെ.സുരേന്ദ്രൻ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.