കൊളംബോ: ദ്വീപ് രാഷ്ട്രത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ജനങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ പറഞ്ഞു. റെനിൽ വിക്രമസിങ്കയെ പുറത്താക്കി രാജപക്സയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തനിക്കൊപ്പം ചേർന്ന രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിൽക്കുന്നത്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്രമസിങ്കയുടെ സഖ്യ സർക്കാരിനുള്ള പിന്തുണ മൈത്രിപാല സിരിസേനയുടെ പാർട്ടി പിൻവലിച്ചതോടെ പ്രസിഡന്റ് സിരിസേന തന്നെ പ്രധാനമന്ത്രിയാവാൻ ക്ഷണിക്കുകയായിരുന്നു. ഇന്ന് ഞങ്ങളുടെ രാജ്യം അനിശ്ചിതത്വത്തിലാണ്. പ്രസിഡന്റിനേയും മുൻ പ്രതിരോധ സെക്രട്ടറിയെയും വധിക്കാനുള്ള പദ്ധതികളാണ് വെളിച്ചത്ത് വന്നിട്ടുള്ളത്. ഇതിൽ ഗൂഡാലോചന നടക്കുകയും പുറത്തുവരികയും ചെയ്തിട്ടുണ്ടെന്നും രാജപക്‌സെ പറയുന്നു.
ഭരണഘടനാ വിരുദ്ധമായി നീങ്ങുകയാണെന്ന് അവകാശപ്പെടുന്ന വിക്രമസിങ്ക പാർലമെന്ററി ഭൂരിപക്ഷമുള്ളവർ നിയമിതനാക്കുംവരെ താൻ പ്രധാനമന്ത്രിയാണെന്ന് അവകാശപ്പെടുന്നു. തന്റെ ഭൂരിപക്ഷം തെളിയിക്കാനായി പാർലമെന്റിന്റെ അടിയന്തിര യോഗം തേടിയിരുന്നു. എന്നാൽ പ്രസിഡന്റ് പാർലമെന്റ് നവംബർ 16 വരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്- രാജപക്സെ പറഞ്ഞു. അതേസമയം, പാർലമെന്റ് സസ്‌പെൻഷൻ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കാരു ജയസൂര്യ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയായിരിക്കാൻ വിക്രമസിങ്കയ്ക്ക് ജനങ്ങൾ നൽകിയ അധികാരമുണ്ടെന്നാണ് സ്പീക്കർ ചൂണ്ടിക്കാണിച്ചത്. പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് തിരഞ്ഞെടുക്കുംവരെ നിലവിലുള്ള പ്രധാനമന്ത്രിയുടെ പദവി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സ്പീക്കർ അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.