novel

വാഴയ്ക്കു പിന്നിലെ ഇരുട്ടിൽ നിന്ന് വിജയ തലനീട്ടി നോക്കി.

സുന്ദരിയായ ഒരു സ്ത്രീ മുടി പിന്നിലേക്കു വാരിക്കെട്ടിക്കൊണ്ട് വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങുന്നു.അല്പം തടിച്ച ശരീരം.ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയാണു വേഷം.
അവൾ ഗേറ്റിനരികിലേക്കു നടക്കാൻ ഭാവിച്ചതേയുള്ളൂ.പൊടുന്നനെ ഗേറ്റിൽ വന്നു നിന്ന ഐ ടെൻ കാറിന്റെ മുന്നിൽ ഇടതുവശത്തെ ഡോർ തിടുക്കത്തിൽ തുറന്നടഞ്ഞു.സ്ത്രീ ഒന്നു സംശയിച്ചു നിന്നു.അടുത്ത നിമിഷം കാർ മുന്നോട്ടു പാഞ്ഞു പോയി...

സ്ത്രീ വേഗം തിരിച്ചു സിറ്റൗട്ടിൽ കയറി. കാർ പോയ ഭാഗത്തേക്കു സംശയത്തോടെ നോക്കിനിന്നു.അനിരുദ്ധന്റെ കാർ തന്നെയാണ് അതെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു...
സ്ത്രീ അകത്തു കയറി വാതിൽ ലോക്കു ചെയ്തു. പിന്നെ അനിരുദ്ധന്റെ നമ്പരിലേക്കു ഫോൺ ചെയ്തു.അപ്പുറത്ത് രണ്ടാമത്തെ ബെല്ലിന് അറ്റന്റു ചെയ്യപ്പെട്ടു.''എന്താ സാറേ അങ്ങ് പോയത്?'

പരിഭവത്തോടെ സ്ത്രീ തിരക്കി.
''ഭർത്താവ് വിദേശത്ത് രാവും പകലുമില്ലാതെ കഷ്ടപ്പെടുമ്പോൾ നെയ് മുറ്റിയ നീ ഇവിടെ കണ്ടവനോടൊപ്പം അർമാദിക്കുകയാണ് അല്ലേടീ...'അപ്പുറത്തുനിന്നു ഒരലർച്ച.
നടുങ്ങിപ്പോയി ആ സ്ത്രീ!

താൻ നമ്പർ തെറ്റിയാണോ വിളിച്ചതെന്ന് അവർ സംശയിച്ചു. നോക്കുമ്പോൾ അല്ല.''നിങ്ങളാരാ?' അവൾക്കു ദേഷ്യം വന്നു.
''നിന്റെ കാലൻ. മാനം മര്യാദയ്ക്കു ജീവിച്ചോണം. ഇനി അന്യ ഒരുത്തൻ നിന്റെ വീടിന്റെ പടി കടന്നാൽ...
അവനെയും തീർക്കും പിന്നെ നിന്നെ പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്യും!

വയ്‌ക്കെടീ ഫോൺ.'പേടിച്ച് ഫോൺ കട്ടു ചെയ്തു പോയി ആ സ്ത്രീ.
പിന്നെ ദയനീയമായി അവൾ ഡൈനിങ് ടേബിളിലേക്കു നോക്കി.

അവിടെ ചിക്കൻ ഫ്രൈയും പാലപ്പവും കഴിഞ്ഞ തവണ അച്ചായൻ വന്നപ്പോൾ കൊണ്ടുവന്ന 'റോയൽ സല്യൂട്ടിന്റെ ബോട്ടിലും ഇരിക്കുന്നു.എല്ലാം അനിരുദ്ധൻ സാറിനു വേണ്ടി കരുതിയതാണ്.
തളർച്ചയോടെ അവൾ സെറ്റിയിലേക്കു വീണു...
പുറത്തുണ്ടായിരുന്ന 'റെഡി'ലെ അഞ്ചുപേർക്കും നടന്നതെന്താണെന്നു വ്യക്തമായില്ല.ഒരുപക്ഷേ തങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അനിരുദ്ധൻ സാർ രക്ഷപെട്ട് പോയതായിരിക്കുമോ?

അഞ്ചുപേരും വീണ്ടും വാഴത്തോട്ടത്തിൽ ഒത്തുചേർന്നു.

''എന്തായാലും നമ്മളെ ഒരിക്കലും അയാൾ ഇവിടെ പ്രതീക്ഷിക്കില്ല. മറ്റെന്തെങ്കിലും അത്യാവശ്യത്തിനു പോയതാവും. മടങ്ങിവരാതിരിക്കില്ല.'ബിന്ദുലാൽ തീർത്തു പറഞ്ഞു.
''നമ്മൾ ഇവിടെ വന്നുപോയില്ലേ. അല്പനേരം കൂടി കാത്തിരിക്കാം.'ഉമേഷ് കുമാറും പറഞ്ഞു.കാത്തിരിക്കാൻ തന്നെ അവർ തീരുമാനിച്ചു.

പക്ഷേ...ആ സമയം ഐ.ടെൻകാർ മെഴുവേലി, ആലക്കോട് എത്തിയിരുന്നു.
''ഇടത്തേക്കു തിരിക്കെടാ.'കോഡ്രൈവർ സീറ്റിൽ ഇരുന്ന ഹെൽമറ്റ് ധാരി കൽപ്പിച്ചു.

അനിരുദ്ധൻ അയാളെയും തന്റെ ഇടുപ്പിൽ അമർന്നിരിക്കുന്ന പിസ്റ്റളിലേക്കും അമർഷത്തോടെ നോക്കി. പിന്നെ കാർ ഇടത്തേക്കു തിരിച്ചു.താൻ ഗേറ്റിനു മുന്നിൽ കാർ നിർത്തിയ നിമിഷം മിന്നൽ വേഗത്തിലാണ് ഇവൻ അകത്തുകയറിയതെന്നും പിസ്റ്റൾ അമർത്തിയതെന്നും അനിരുദ്ധൻ ഓർത്തു.

ഇവനെ അനുസരിക്കുകയല്ലാതെ തനിക്ക് നിർവത്തിയില്ലായിരുന്നു.അനിരുദ്ധൻ ദീർഘമായി ഒന്നു നിശ്വസിച്ചു.
ശേഷം തിരക്കി:''എന്താ? നിനക്കു വേണ്ടത്?'''ഞാൻ സാധാരണ അങ്ങോട്ട് ഒന്നും ആവശ്യപ്പെടാറില്ല. ആവശ്യമുള്ളത് എടുക്കത്തേയുള്ളൂ.'ഹെൽമറ്റിനുള്ളിൽ നിന്ന് ശബ്ദം കേട്ടു.
കാർ പി.ഐ.പി കനാലിനു കുറുകെയുള്ള പാലത്തിനടുത്തെത്തി.

''ഇടത്തേക്ക്...'അയാൾ നിർദ്ദേശിച്ചു.

കനാലിന്റെ തിട്ടയോടു ചേർന്ന റോഡായിരുന്നു അത്. സൂക്ഷിച്ച് വണ്ടിയോടിച്ചില്ലെങ്കിൽ ഏതു വശത്തേക്കും മറിയാം...
ഇരുഭാഗത്തും ഒരുതരം പുല്ലുകൾ വളർന്നു നിൽക്കുന്നു.കാർ നൂറു മീറ്റർ അപ്പുറമുള്ള അക്കുഡറ്റിലേക്കു കയറി.അതിന്റെ മദ്ധ്യഭാഗമെത്തിയപ്പോൾ പിസ്റ്റൾ പിടിച്ചിരുന്ന ഹെൽമറ്റ് ധാരി കൽപ്പിച്ചു, വീണ്ടും.

''ഇവിടെ നിർത്ത്.'അനിരുദ്ധൻ ബ്രേക്കമർത്തി.
''ഇറങ്ങ്.'കരുതലോടെ അനിരുദ്ധൻ ഇറങ്ങി.

പിന്നാലെ അയാളും.ബോണറ്റിനെ മിന്നൽ വേഗത്തിൽ വലം വച്ച് അയാൾ അനിരുദ്ധന്റെ അടുത്തെത്തി. പിന്നെ അയാളെപ്പിടിച്ച് അക്കുഡറ്റിന്റെ കൈവരിയിൽ ചേർത്തമർത്തി. പിസ്റ്റൾ തൊണ്ടക്കുഴിയിൽ കുത്തിപ്പിടിച്ചു.... (തുടരും)