salary-challenge

ന്യൂഡൽഹി: നവകേരള നിർമ്മാണത്തിനായി സർക്കാർ രൂപം നൽകിയ സാലറി ചലഞ്ചിന് സുപ്രീം കോടതിയുടെ തിരിച്ചടി. സർക്കാരിന്റെ ഹർജി തള്ളിയ സുപ്രീം കോടതി സമ്മതമുളള ഉദ്യോഗസ്ഥർ മാത്രം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു. കൂടാതെ വിസമ്മതപത്രം നൽകേണ്ടന്ന ഹൈക്കോടതി സ്റ്റേ സുപ്രീം കോടതി ശരിവച്ചു. നേരത്തെ സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിനെതിരെ നൽകിയ ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സാലറി ചലഞ്ചിലൂടെ സ്വരൂപിക്കുന്ന പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ല. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ എന്തിനാണ് വിസമ്മതപത്രത്തിന് വാശിപിടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയാണിത്.ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് ആയിരം വട്ടം മരണമാണെന്ന പ്രശസ്ത ഉദ്ധരണിയും കോടതി പരാമർശിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത്തരം വ്യവസ്ഥയിൽ നിർബന്ധിക്കലിന്റെ ഘടകമുണ്ടെന്നു കോടതി വ്യക്തമാക്കി. ജീവനക്കാർക്കു സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ സംഭാവന നൽകാൻ തടസമില്ലെന്നും കോടതി വ്യക്തമാക്കി.