ന്യൂഡൽഹി: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തയ്യാറല്ലാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന സാലറി ചലഞ്ച് ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിയ സുപ്രീം കോടതി, സംഭാവന നൽകാൻ സമ്മതമുളള ഉദ്യോഗസ്ഥർ മാത്രം സർക്കാരിനെ അക്കാര്യം അറിയിച്ചാൽ മതിയെന്നും വ്യക്തമാക്കി. കേരള എൻ.ജി.ഒ സംഘ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നിർബന്ധിത പിരിവായി വ്യാഖ്യാനിക്കാവുന്നതാണ് വിസമ്മതപത്രം നൽകണമെന്ന ഉത്തരവിലെ പത്താം നിബന്ധനയിലെ വ്യവസ്ഥയെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ സുപ്രീം കോടതിയും ശരിവച്ചു. സാലറി ചലഞ്ചിലൂടെ സ്വരൂപിക്കുന്ന പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ല. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിസമ്മതപത്രം വേണമെന്ന് സർക്കാർ എന്തിനാണ് വാശി പിടിക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്രയും വിനീത് ശരണുമടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയാണിത്. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് ആയിരം വട്ടം മരണമാണെന്ന പ്രശസ്ത ഉദ്ധരണിയും കോടതി പരാമർശിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത്തരം വ്യവസ്ഥയിൽ നിർബന്ധിക്കലിന്റെ ഘടകമുണ്ടെന്നു കോടതി വ്യക്തമാക്കി. ജീവനക്കാർക്കു സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ സംഭാവന നൽകാൻ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം നൽകാൻ കഴിയാത്തവർ അത് നാട്ടുകാരെ അറിയിച്ച് അപമാനിതരാകണോയെന്നും കോടതി ചോദിച്ചു. ശമ്പളത്തിൽ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന ഉറപ്പും വിശ്വാസ്യതയും ഉണ്ടാക്കേണ്ടത് സർക്കാരാണ്. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ വിസമ്മതപത്രത്തിന് വേണ്ടി എന്തിനാണ് വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ശമ്പളം നൽകാൻ സമ്മതം ഉള്ളവർ സർക്കാരിനെ അറിയിച്ചാൽ മതി. വിസമ്മതപത്രം നൽകണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
താനും ജസ്റ്റിസ് വിനീത് ശരണും കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ 25,000 രൂപ സംഭാവന നൽകിയതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എന്നാൽ ഈ തുക എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ല. മദ്ധ്യപ്രദേശിലെ വെള്ളപ്പൊക്കകാലത്തും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തന്റെ ചേംബറിലേയ്ക്ക് വന്നാൽ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകരോട് പറഞ്ഞു.സുപ്രീം കോടതി ജഡ്‌ജിമാരെന്ന നിലയിൽ ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയത്. ഞങ്ങൾക്ക് പണം നൽകാൻ താൽപര്യമില്ലെങ്കിൽ അത് നാട്ടുകാരെ അറിയിച്ച് സ്വയം അപമാനിതരാകണമായിരുന്നോ - ജ. മിശ്ര ചോദിച്ചു.
സംഭാവന നൽകാൻ തയ്യാറല്ലാത്തവരെ കുറ്റക്കാരായി ചിത്രീകരിക്കാനും ജീവനക്കാരെ രണ്ടുചേരിയാക്കാനും ഇടവരുത്തുമെന്നും സംഘടന വാദിച്ചു. ജീവിതസാഹചര്യങ്ങൾ നിമിത്തം ശമ്പളം നൽകാനാവാത്തവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമെന്നും ഹർജിക്കാർ ബോധിപ്പിച്ചു.